എൻഡിഎ എംപിമാർക്ക് ദേശീയപതാകയും റോസാപ്പൂക്കളും; വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം
Thursday, December 12, 2024 1:47 AM IST
ന്യൂഡൽഹി: അദാനി വിഷയമുയർത്തി പാർലമെന്റിനു പുറത്ത് വീണ്ടും വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം.
പാർലമെന്റ് കവാടത്തിൽ റോസാപ്പൂക്കളും ദേശീയപതാകയുടെ ചെറു മാതൃകകളുമായി ഭരണപക്ഷ എംപിമാരെ അഭിവാദ്യം ചെയ്തായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗും സുരേഷ് ഗോപിയും നിരവധി ബിജെപി എംപിമാരും പ്രതിപക്ഷത്തിന്റെ ‘സ്നേഹത്തിന്റെ കടയിൽ’നിന്ന് പൂക്കൾ ഏറ്റുവാങ്ങി.
അദാനി വിഷയമടക്കം ചർച്ച ചെയ്തു പാർലമെന്റ് തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഭരണപക്ഷ എംപിമാരോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷം പൂക്കളും പതാകയും നൽകിയത്. രാജ്യത്തെ വിൽക്കരുതെന്ന പ്ലക്കാർഡുകളും പ്രതിപക്ഷ എംപിമാരുടെ കൈയിലുണ്ടായിരുന്നു.
പാർലമെന്റ് കവാടത്തിലെ മകർ ദ്വാറിനു സമീപം അദാനി വിഷയമുയർത്തി തുടർച്ചയായി വേറിട്ട പ്രതിഷേധങ്ങളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോദിയുടെയും അദാനിയുടെയും മുഖംമൂടികളണിഞ്ഞും ഇവരുടെ ചിത്രം പതിച്ച ടീഷർട്ടുകളണിഞ്ഞും വായ് മൂടിക്കെട്ടിയും പ്രതിപക്ഷം പാർലമെന്റ് കവാടത്തിൽ പ്രതിഷേധം നടത്തിയിരുന്നു.