സ്ത്രീധന നിരോധന നിയമം ദുരുപയോഗിക്കുന്നു ; കടുത്ത വിമർശനവുമായി സുപ്രീംകോടതി
Thursday, December 12, 2024 1:47 AM IST
ന്യൂഡൽഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി. ഭർത്താക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരേ വ്യക്തിവൈരാഗ്യം തീർക്കാൻ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 (എ) വകുപ്പ് ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
വിവാഹിതയായ സ്ത്രീക്കു ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും ശാരീരിക- മാനസിക പീഡനങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന വകുപ്പാണിത്.
ഭാര്യാ-ഭർതൃ ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കുന്നതുമൂലം സ്വാഭാവികമായും വ്യക്തിവിരോധം തീർക്കുന്നതിന് ഈ വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത സമീപകാലത്തായി വർധിച്ചെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിംഗ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതി ചൂണ്ടിക്കാട്ടി.
നിയമ പരിരക്ഷ ദുരുപയോഗിച്ച് ഭാര്യയും ഭാര്യയുടെ കുടുംബവും നിരന്തരം ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ബംഗളൂരുവിൽ ഐടി കന്പനി ജീവനക്കാരനായ അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവം പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ഭാര്യയുടെ വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഒരു ഉപകരണമായി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇത്തരം കേസുകളില്‍ സൂക്ഷ്മമായി പരിശോധന നടത്തിയില്ലെങ്കില്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകും.
അതേസമയം, ക്രൂരതയ്ക്കിരയായ സ്ത്രീകൾ മൗനം പാലിക്കണമെന്ന് പറയുന്നില്ലെന്നും കോടതി പറഞ്ഞു. 498 എ വകുപ്പ് സ്ത്രീയുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണെന്നും കോടതി ഓര്‍മിപ്പിച്ചു.
സ്ത്രീധനപീഡന കേസുകളിൽ കുടുംബാംഗങ്ങൾക്ക് നേരിട്ടു ബന്ധമില്ലെങ്കിൽപ്പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം. വിവാഹബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്.
വ്യക്തമായ തെളിവുകളില്ലാതെ, ആരോപണങ്ങളുടെ പേരിൽ മാത്രം കേസെടുക്കരുത്. നിഷ്കളങ്കരായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ കോടതികൾ ജാഗ്രത പാലിക്കണം-സുപ്രീം കോടതി വ്യക്തമാക്കി.