ഇന്ത്യ മാരിടൈം ഹെറിറ്റേജ് കോണ്‍ക്ലേവിന് തുടക്കം
Thursday, December 12, 2024 1:28 AM IST
ന്യൂഡൽഹി: സമുദ്രമേഖലയിലെ രാജ്യത്തിന്റെ നൂറ്റാണ്ടുകളുടെ പൈതൃകം ലോകത്തോട് വിളിച്ചുപറയുന്ന ഇന്ത്യ മാരിടൈം ഹെറിറ്റേജ് കോണ്‍ക്ലേവിന് ഡൽഹിയിൽ തുടക്കമായി.
രാജ്യത്തിന്റെ നാവികചരിത്രം ആഗോളവ്യാപാരത്തിൽ രാജ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സുപ്രധാന ഘടകമാണെന്നും ഈ പൈതൃകം സംരക്ഷിക്കാൻ കോണ്‍ക്ലേവ് സുപ്രധാന ചുവടുവയ്പാണെന്നും കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
21-ാം നൂറ്റാണ്ടിലേക്കുള്ള നാവിക സംവിധാനം ശക്തിപ്പെടുത്തുന്നത് രാജ്യത്തെ വികസനത്തിലേക്കു നയിക്കുന്നതിന് സുസ്ഥിര ഘടകമാണെന്ന് കോണ്‍ക്ലേവിൽ നൽകിയ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ യശോഭൂമി കണ്വൻഷൻ സെന്ററിൽ നടന്ന കോണ്‍ക്ലേവ് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോണോവാൾ ഉദ്ഘാടനം ചെയ്തു.
കൊച്ചിയടക്കമുള്ള രാജ്യത്തെ പ്രധാന തുറമുഖ നഗരങ്ങളുടെ പൈതൃകവും നാവിക കരുത്തും പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ കോണ്‍ക്ലേവിലുണ്ട്. പതിനഞ്ചിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ഇരുനൂറിലധികം വിദ്യാർഥികളും പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്നു സമാപിക്കും.