റെയില്‍വേ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Thursday, December 12, 2024 1:29 AM IST
ന്യൂഡൽഹി: സ്വകാര്യവത്കരണത്തിന് വഴിയൊരുക്കില്ലെന്ന് ഉറപ്പുനൽകി റെയില്‍വേ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണു ബില്ല് പാസാക്കിയത്. റെയില്‍വേ സ്വകാര്യവത്കരണം സർക്കാരിന്റെ അജൻഡയിലില്ലെന്നു കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ബില്ല് അവതരിപ്പിക്കവെ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പുതിയ നീക്കം റെയില്‍വേയെ സ്വകാര്യവത്കരിക്കുന്നതിലേക്കു നയിക്കുമെന്ന് ചർച്ചയ്ക്കിടെ പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ആരോപണം തെറ്റാണെന്നും ഭേദഗതി റയില്‍വേയുടെ നടത്തിപ്പ് കൂടുതൽ സുഗമമാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ നിരന്തരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ബില്ല് ഇന്നലെ ലോക്സഭ പാസാക്കിയത്.
1905ലെ ഇന്ത്യൻ റെയില്‍വേ ബോർഡ് നിയമത്തിലെ എല്ലാ വ്യവസ്ഥകളും 1989 ലെ റെയില്‍വേ നിയമത്തിന്റെ കീഴിലാക്കാൻ ഭേദഗതി നിർദേശിക്കുന്നു. ഇതു നിലവിൽ വരുന്നതോടെ റെയില്‍വേ സംബന്ധമായ കാര്യങ്ങൾക്ക് രണ്ടു നിയമങ്ങൾ പരിശോധിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഭേദഗതി ചെയ്ത ബില്ലിലെ വ്യവസ്ഥകൾ പ്രകാരം റെയില്‍വേ ബോർഡിന്റെ ഘടന തീരുമാനിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്.
ഇതിൽ അംഗങ്ങളുടെ എണ്ണം, അവരുടെ സേവനനിബന്ധനകൾ, യോഗ്യതകൾ, പരിചയം തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ റെയില്‍വേ സോണുകൾക്ക് സ്വയംഭരണാവകാശം നൽകിക്കൊണ്ടു പ്രവർത്തനക്ഷമത വർധിപ്പിക്കാനും അധികാരവികേന്ദ്രീകരണത്തിനും ബില്ല് നിർദേശിക്കുന്നു. റെയില്‍വേയുടെ അടിസ്ഥാന വികസനത്തിനും ഭേദഗതി ഗുണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.