ഇസ്രയേലിന്റെ "അയേണ്‍ ഡോം' ഇന്ത്യക്കും ആവശ്യമെന്ന് വ്യോമസേനാ മേധാവി
സ്വന്തം ലേഖകൻ
Saturday, October 5, 2024 5:26 AM IST
ന്യൂഡൽഹി: ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ "അയേണ്‍ ഡോം' പോലെ ഇന്ത്യക്കും മിസൈൽ ആക്രമണങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്നു വ്യോമസേന മേധാവി അമർ പ്രീത് സിംഗ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷാഭീഷണികളെ നേരിടാൻ ആഭ്യന്തരമായി ആയുധസംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വ്യോമസേന മേധാവി.
നിയന്ത്രണരേഖകളിൽ ചൈന നിർമാണപ്രവർത്തനങ്ങൾ സജീവമാക്കിയെന്ന് അമർ പ്രീത് സിംഗ് പറഞ്ഞു. ലഡാക്ക് മേഖലയിൽ ഇത് ഊർജിതമാണ്. ഇതു കണക്കിലെടുത്ത് ഇന്ത്യയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നും പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽനിന്ന് മൂന്ന് എസ്-400 മിസൈൽ യൂണിറ്റുകൾ എത്തിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളുടെ നയങ്ങളും താത്പര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നതിനാൽ എപ്പോഴും ആയുധ ഇറക്കുമതിയിൽ അവരെ ആശ്രയിക്കാൻ കഴിയില്ല. 2047ഓടെ വ്യോമസേനയ്ക്ക് ആവശ്യമായ എല്ലാ ആയുധസംവിധാനങ്ങളും ആഭ്യന്തരമായി നിർമിക്കാനാണു ലക്ഷ്യമിടുന്നതെന്ന് വ്യോമസേനാ മേധാവി പറഞ്ഞു.