ഇന്ത്യൻ കഫ് സിറപ്പുകൾക്കെതിരേ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Wednesday, October 15, 2025 2:21 AM IST
ന്യൂഡൽഹി: കഫ് സിറപ്പുകൾ കഴിച്ചു രാജ്യത്ത് ഇരുപതിലധികം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ നിലവാരമില്ലാത്തതും കേന്ദ്രം ഈയിടെ നിരോധിച്ചതുമായ മൂന്ന് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾക്കെതിരേ ആഗോളതലത്തിൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ൾഡ്രിഫ്, റെസ്പിഫ്രെഷ് ടിആർ, റീലൈഫ് എന്നീ മൂന്ന് ഇന്ത്യൻ നിർമിത മരുന്നുകൾ അവരുടെ രാജ്യത്ത് കണ്ടെത്തിയാൽ ലോകമെന്പാടുമുള്ള രാജ്യങ്ങളിലെ ദേശീയ റെഗുലേറ്ററി അഥോറിറ്റീസ് ഉടൻ തന്നെ വിവരമറിയിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചിട്ടുണ്ട്.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) എന്ന വസ്തു അനുവദനീയമായതിലും കൂടുതൽ അടങ്ങിയിരിക്കുന്ന ഈ കഫ് സിറപ്പുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് മെഡിക്കൽ വിദഗ്ധരോട് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിട്ടുണ്ട്.
ഈ മരുന്നുകളിൽനിന്ന് വിപരീതഫലങ്ങളുണ്ടാകുകയോ പ്രതീക്ഷിച്ച ഫലം ഇല്ലാതിരിക്കുകയോ ചെയ്താൽ ദേശീയ റെഗുലേറ്ററി അഥോറിറ്റീസിനെയോ നാഷണൽ ഫോർമോകോവിജിലൻസ് സെന്ററിനെയോ അറിയിക്കണമെന്നും നിർദേശമുണ്ട്.
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ്, ഷേപ്പ് ഫാർമ എന്നീ കന്പനികൾ നിർമിച്ച പ്രസ്തുത മരുന്നുകളുടെ വ്യാപാരം സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്ത്യയിലെ അധികൃതർക്ക് ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്.
കഫ് സിറപ്പുകൾ കഴിച്ചു രാജ്യത്ത് കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷവസ്തു അടങ്ങിയിരിക്കുന്ന ഈ മരുന്നുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്നതിൽ ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ ആഴ്ച ഇന്ത്യയോട് വിശദീകരണം തേടിയിരുന്നു. ഈ മരുന്നുകൾ കയറ്റുമതിക്കായി നിർമിച്ചതല്ലെന്നും അനധികൃത കയറ്റുമതിയുടെ തെളിവുകളൊന്നുമില്ലെന്നുമാണ് ഇന്ത്യ മറുപടി നൽകിയിരുന്നത്.