ന്യൂനപക്ഷ കമ്മീഷൻ : കേന്ദ്ര നിലപാട് തേടി ഡൽഹി ഹൈക്കോടതി
Thursday, October 16, 2025 2:51 AM IST
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിർണായക പദവികളിൽ ഉടൻതന്നെ നിയമനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി.
അധ്യക്ഷനും ഉപാധ്യക്ഷനും അംഗങ്ങളുമില്ലാതെ മാസങ്ങളായി പ്രവർത്തനം നിലച്ച ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ നിയമനങ്ങളെ സംബന്ധിച്ചുള്ള വിഷയം വളരെയധികം പ്രാധാന്യമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തലവനില്ലാതെ ഒരു കമ്മീഷന് പ്രവർത്തിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജി വീണ്ടും നവംബർ 14ന് പരിഗണിക്കും.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിൽ എല്ലാ പദവികളും ഒഴിഞ്ഞുകിടക്കുകയാണെന്നും അഞ്ചു വർഷമായി ക്രൈസ്തവ പ്രാതിനിധ്യം ഇല്ലെന്നും ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ദീപിക വാർത്തയുടെ പിറ്റേദിവസംതന്നെ സിപിഐയുടെ രാജ്യസഭാംഗമായ പി. സന്തോഷ് കുമാർ വിഷയം പാർലമെന്റിലെ സർവകക്ഷിയോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.