സൗത്ത് ബ്ലോക്ക് ചരിത്രമാകും; പ്രധാനമന്ത്രി പുതിയ ഓഫീസിലേക്ക്
Thursday, October 16, 2025 2:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം തുടർച്ചയായി 78 വർഷം രാജ്യത്തിന്റെ അധികാര സിരാകേന്ദ്രമായിരുന്ന ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കും പ്രധാനമന്ത്രിയുടെ നിലവിലെ ഓഫീസും ചരിത്രത്തിലേക്ക്. നവീകരിച്ച സെൻട്രൽ വിസ്തയിലെ എക്സിക്യൂട്ടീവ് എൻക്ലേവിൽ ‘വായു’ ഭവനോടുചേർന്നുള്ള പുതിയ കെട്ടിടമായ സേവാ തിരാത്ത്- 1 ലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച മാറും.
1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതുമുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന സൗത്ത് ബ്ലോക്കിലെ അവസാന ദിവസങ്ങളിലാണ് മോദിയും ഓഫീസിലെ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നത്.
മോത്തിലാൽ നെഹ്റു മാർഗിനോടുചേർന്നുള്ള പുതിയ സേവാ തിരാത്ത്-1ലാകും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുതുതായി പ്രവർത്തിക്കുക. തൊട്ടടുത്തുള്ള രണ്ടു കെട്ടിടങ്ങളായ സേവാ തിരാത്ത്-2, സേവാ തിരാത്ത്-3 എന്നിവയിൽ കാബിനറ്റ് സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും പ്രവർത്തിക്കും.
കേന്ദ്രസർക്കാരിലെ പുതിയ സെക്രട്ടേറിയറ്റ് ഓഫീസുകൾ ഒരിടത്തേക്കു മാറ്റുന്നതിന്റെ ഭാഗമായി കർത്തവ്യ പഥിൽ (പഴയ രാജ്പഥ്) വിവിധ മന്ത്രാലയങ്ങൾക്കായി കർത്തവ്യ ഭവൻ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു.
ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങൾ കർത്തവ്യ ഭവൻ-3ലേക്കു മാറ്റി. കോമണ് സെൻട്രൽ സെക്രട്ടേറിയറ്റ് (സിസിഎസ്) എന്നതാണു കർത്തവ്യ ഭവന്റെ ലക്ഷ്യം. രാഷ്ട്കപതി ഭവൻ അങ്കണത്തിലെ കെട്ടിടത്തിലാണു നിലവിൽ കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്.
പുതിയ ഓഫീസ് സമുച്ചയത്തിലെ സേവാ തിരാത്ത്- 2ൽ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനും സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാനും കഴിഞ്ഞ ചൊവ്വാഴ്ച ഉന്നതതല യോഗം നടത്തിയിരുന്നു. മൂന്നു സൈനിക മേധാവികളും മറ്റ് ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദീപാവലിക്ക് പുതിയ ഓഫീസിൽ പ്രവർത്തനം തുടങ്ങണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം ഏതാനും ദിവസം വൈകിയേക്കുമെന്ന ആശങ്കയിൽ പുതിയ കെട്ടിടത്തിന്റെ അവസാന ജോലികൾ തിരക്കിട്ടു പൂർത്തിയാക്കുകയാണ്.
എട്ടു പതിറ്റാണ്ടോളമായി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക് മന്ദിരങ്ങളിലെ മന്ത്രിമാരുടേതടക്കം ഉന്നത ഓഫീസുകൾ പുതിയ എക്സിക്യൂട്ടീവ് എൻക്ലേവിലേക്കു മാറും.
പ്രധാനമന്ത്രിക്കുപുറമെ പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളും സൗത്ത്, നോർത്ത് ബ്ലോക്കുകളിൽനിന്നു പുതിയ ഓഫീസുകളിലേക്ക് വൈകാതെ മാറും.