ഭീഷണി ഫോൺ കോളുകൾ വരുന്നതായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ
Wednesday, October 15, 2025 12:34 AM IST
ബംഗളൂരു: സര്‍ക്കാര്‍ സ്കൂളുകളിലും കോളജുകളിലും പൊതുസ്ഥാപനങ്ങളിലും ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ തനിക്കു ഫോണില്‍ നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നതായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ. എക്സ് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“കഴിഞ്ഞ രണ്ടുദിവസമായി എന്റെ ഫോണ്‍ നിരന്തരമായി റിംഗ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളിലും കോളജുകളിലും പൊതുസ്ഥാപനങ്ങളിലും ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ ഭീഷണി സന്ദേശങ്ങളും, എന്നെയും കുടുംബത്തെയും ലക്ഷ്യമിട്ടിട്ടുള്ള ഏറ്റവും മോശമായ അധിക്ഷേപം നിറഞ്ഞ കോളുകളും” - എന്നാണ് പ്രിയങ്ക് ഗാര്‍ഗെ എക്സില്‍ കുറിച്ചത്.
ഇത്തരം ഫോണ്‍ സന്ദേശങ്ങളിലും കോളുകളിലും അദ്ഭുതമൊന്നും തോന്നുന്നില്ലെന്നും ഭീഷണികളും വ്യക്തിപരമായ ആക്രമണങ്ങളും തന്നെ നിശബദനാക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു തെറ്റാണെന്നും പ്രിയങ്ക് തുടര്‍ന്നും കുറിച്ചു.
ആര്‍എസ്എസ് മഹാത്മാഗാന്ധിയെയോ ബാബാ സാഹെബ് അംബേദ്കറെയോ പോലും വെറുതെ വിട്ടിട്ടില്ല. ആ സാഹചര്യത്തില്‍ അവര്‍ എന്നെ വെറുതെ വിടുമെന്നു ചിന്തിക്കുന്നു പോലുമില്ലെന്നും പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.
അതേസമയം, പ്രിയങ്ക് ഖാര്‍ഗെയ്ക്കു വന്ന ഭീഷണി കോളുകളെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തമിഴ്നാട് സര്‍ക്കാര്‍ എന്താണു ചെയ്തതെന്നു കണ്ടെത്താന്‍ ഖാര്‍ഗെയുടെ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചതായി കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.