ബിഹാറിൽ ആർജെഡി-കോണ്‍ഗ്രസ് തർക്കം തുടരുന്നു
Friday, October 17, 2025 1:06 AM IST
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആർജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള തർക്കം തുടരുന്നു. പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി.
52 സീറ്റായിരുന്നു ആദ്യം കോണ്‍ഗ്രസിന് ആർജെഡി വാഗ്ദാനം ചെയ്തത്. 60 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന് ആർജെഡി വഴങ്ങിയാലും വിജയസാധ്യതയുള്ള ചില സീറ്റുകളുടെ കാര്യത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള തർക്കം തുടരാനാണു സാധ്യത.
2020ൽ 70 സീറ്റിലാണു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ, വെറും 19 സീറ്റുകളിലാണ് വിജയിച്ചത്. 144 സീറ്റിൽ മത്സരിച്ച ആർജെഡി 75 സീറ്റ് നേടി. അതേസമയം, വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളാണ് തങ്ങൾക്കു തന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.