ഇന്ത്യയിൽ കാട്ടാനകൾ കുറയുന്നു
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: കേരളത്തിലും ഇന്ത്യയിലാകെയും കാട്ടാനകളുടെ എണ്ണം കുറയുന്നതായി ശാസ്ത്രീയ പഠനം. രാജ്യത്താകെ പതിനെട്ടു ശതമാനം കുറഞ്ഞ്, ഏഷ്യൻ ആനകളുടെ ശരാശരി മൊത്തം എണ്ണം 22,446 ആയതായി ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ കണ്ടെത്തി. എണ്ണത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്തുള്ള കർണാടകയിൽ 6,013 കാട്ടാനകൾ ഉള്ളപ്പോൾ നാലാം സ്ഥാനത്തുള്ള കേരളത്തിൽ 2,785 കാട്ടാനകളാണുള്ളത്.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡൽഹിയിൽ ഇന്നലെ പ്രസിദ്ധീകരിച്ച 2025ലെ ഓൾ ഇന്ത്യ സിൻക്രണസ് എലിഫന്റ് എസ്റ്റിമേഷൻ (എസ്എഐഇഇ) പ്രകാരം ഇന്ത്യയിലെ ആനകളുടെ എണ്ണം 18,255നും 26,645നും ഇടയിലാണ്.
ശരാശരി 22,446 ആണ്. 2017ലെ അവസാന അഖിലേന്ത്യാ എസ്റ്റിമേറ്റുമായി (27,312) താരതമ്യപ്പെടുത്തുന്പോൾ, 4,065 ആനകളുടെ കുറവുണ്ട്. 17.81 ശതമാനത്തിന്റെ കുറവാണിത്. എന്നാൽ, കണക്കെടുപ്പുരീതിയിലെ വ്യത്യാസം കാരണം ആനകളുടെ എണ്ണത്തിലെ പഴയതും പുതിയതുമായ കണക്കുകൾ നേരിട്ടു താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദീകരിച്ചു.
പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനമായി കർണാടക തുടരുന്നു (6,013). ആസാം (4,159), തമിഴ്നാട് (3,136), കേരളം (2,785), ഉത്തരാഖണ്ഡ് (1,792), ഒഡീഷ (912) എന്നിവയാണു പിന്നീടുള്ള സംസ്ഥാനങ്ങൾ.
പശ്ചിമഘട്ടത്തിലും (11,934) വടക്കുകിഴക്കൻ കുന്നുകളിലും ബ്രഹ്മപുത്ര വെള്ളപ്പൊക്ക സമതലങ്ങളിലും (6,559), ശിവാലിക് കുന്നുകളിലും ഗംഗാ സമതലങ്ങളിലും (2,062), മധ്യ ഇന്ത്യയിലും കിഴക്കൻ ഘട്ടങ്ങളിലും (1,891) ആനകളുടെ എണ്ണം പൊതുവെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നുവെന്നാണു റിപ്പോർട്ട്.
2021ൽ സർവേ ആരംഭിച്ച് നാലു വർഷങ്ങൾക്കു ശേഷമാണു സർക്കാർ വളരെ വൈകിയ റിപ്പോർട്ട് പുറത്തിറക്കിയത്. ഈ പ്രക്രിയയിൽ ഉൾപ്പെട്ട സങ്കീർണമായ ജനിതക വിശകലനവും ഡേറ്റാ മൂല്യനിർണയവുമാണു കാലതാമസത്തിനു കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ ഭാഗങ്ങളിൽനിന്ന് ആനകളുടെ 21,056 പിണ്ട സാന്പിളുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചു. മൃഗങ്ങളെ തിരിച്ചറിയാൻ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ഉപയോഗിച്ചു. ഏകദേശം 6.7 ലക്ഷം കിലോമീറ്റർ വനപാതകളും 3.1 ലക്ഷം പിണ്ട പ്ലോട്ടുകൾ സർവേയിൽ ഉൾപ്പെടുത്തി.