പോക്സോ കേസുകളിൽ 94% വർധന
Friday, October 17, 2025 1:06 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തിൽ 2017നും 2022നും ഇടയിൽ 94 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. 33,210ൽനിന്ന് കേസുകളുടെ എണ്ണം 64,469 ആയി ഉയർന്നുവെങ്കിലും പ്രോസിക്യൂഷൻ നിരക്ക് 90 ശതമാനത്തിന് മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദി ചൈൽഡ് ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളാണിത്. കുട്ടികൾക്കു നേരേയുള്ള അതിക്രമങ്ങളെ സംബന്ധിക്കുന്ന ഡേറ്റയുടെ കാര്യത്തിൽ ഇന്ത്യ ദക്ഷിണേഷ്യയിൽ വേറിട്ട സ്ഥാനത്താണ്. 2024ൽ 2.25 മില്യൺ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതേസമയം, നിർമിതബുദ്ധി ഉപയോഗിച്ച് കുട്ടികൾക്കു നേരേ യുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങളിൽ 2023നും 2024നും ഇടയിൽ 1,325 ശതമാനം വർധനയുണ്ടായെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു.
ടെക്നോളജി ഭീമന്മാർ നൽകുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോലെയുള്ള സംവിധാനങ്ങൾ മൂലം ഇത്തരം പ്രവണതകൾ തടയാനും പരിമിതികളുണ്ട്.
എയ്ഡ്സും കോവിഡും പോലെ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി ഇത്തരം കുറ്റകൃത്യങ്ങളെ കണക്കാക്കണമെന്ന് ആഗോള ഡേറ്റ ഇൻസ്റ്റിറ്റ്യൂട്ടായ ചൈൽഡ് ലൈറ്റിന്റെ സിഇഒയും മുൻ ഇന്റർപോൾ ഡയറക്ടറുമായ പോൾ സ്റ്റാൻഫീൽഡ് പറഞ്ഞു.