മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേന്ദ്രത്തിനും തമിഴ്നാടിനും സുപ്രീംകോടതി നോട്ടീസ്
Tuesday, October 14, 2025 3:06 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി പുതിയ ഡാം എന്ന ആവശ്യത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെയും തമിഴ്നാടിന്റെയും പ്രതികരണം തേടി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആയുസ് പഠിക്കാനും നിർണയിക്കാനും അണക്കെട്ട് ഏതു തീയതിയിൽ ഡീക്കമ്മീഷൻ ചെയ്യണമെന്നു നിശ്ചയിക്കുന്നതിനും അന്താരാഷ്ട്ര ഡാം സുരക്ഷാസംഘത്തെ നിയമിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ പ്രസിഡന്റ് അഡ്വ. റസൽ ജോയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഏറ്റവും പഴക്കംചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ ഡാം എന്ന് ഹർജി പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനോ ഡാമിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനോ വിദഗ്ധ സമിതിയെ നിയമിക്കാൻ സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
130 വർഷത്തെ പഴക്കം മുല്ലപ്പെരിയാർ അണക്കെട്ടിനുണ്ടെന്നും ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ 10 ദശലക്ഷം ആളുകളുടെ ജീവൻ അപകടത്തിലാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി ഇന്നലെ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള തർക്കവിഷയമായതിനാൽ നിലവിലെ ഡാമിന്റെ പ്രശ്നങ്ങൾ ഹർജിക്കാരൻ വ്യക്തമാക്കണമോയെന്ന് കേന്ദ്രത്തിന്റെയും തമിഴ്നാടിന്റെയും മറുപടി ലഭിച്ചശേഷം കോടതി തീരുമാനമെടുക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം കേൾക്കുന്നതിനിടെ, അണക്കെട്ട് സുരക്ഷാ അഥോറിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മറ്റൊരു ബെഞ്ച് അടുത്തിടെ കേന്ദ്രത്തിന്റെ നിലപാട് തേടിയിരുന്നു.