മോദിയും ട്രംപും തമ്മിലെന്ത്: കോൺഗ്രസ്
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താൻ ഏറെ ശ്രമങ്ങൾ മോദി നടത്തിയിട്ടും ട്രംപ് പാക് സൈനിക മേധാവി അസിം മുനീറിനെ പുകഴ്ത്തിയതിനാണു കോൺഗ്രസ് വിമർശിച്ചത്.
ട്രംപും മോദിയും പരസ്പരം സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എന്തുതരം സൗഹൃദമാണെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
“പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലമൊരുക്കിയത് അസിം മുനീറിന്റെ വിഷലിപ്ത പരാമർശങ്ങളാണ്. ഇദ്ദേഹത്തിനാണ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയത്.
ഇന്നലെ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ട്രംപ് എന്ത് സന്ദേശമാണ് ഇന്ത്യക്കു നൽകുന്നത്?’’ജയ്റാം രമേശ് ചോദിച്ചു.
മോദിയുടെ നേതൃത്വത്തിൽ ലോകം ഇന്ത്യയോടൊപ്പമല്ല, ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നവർക്കൊപ്പമാണെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോറും പറഞ്ഞു. ഇത് നയതന്ത്രമല്ല, ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.