ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിയതിൽ നവംബർ രണ്ടിന് ആഘോഷം
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: സീറോ മലബാർ സഭയുടെ അതിരൂപതയായി ഫരീദാബാദ് രൂപതയെ ഉയർത്തിയതിൽ അടുത്ത മാസം രണ്ടിന് ഡൽഹിയിൽ ആഘോഷം.
ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷപരിപാടികളിൽ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച്ബിഷപ്പായ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചുമതലയേൽക്കും.
രണ്ടിന് വൈകുന്നേരം നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, കേരള മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മുതിർന്ന മന്ത്രിയും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസും പങ്കെടുക്കും.
ഒന്നിന് രാവിലെ മുതൽ നടക്കുന്ന സാന്തോം ബൈബിൾ കണ്‍വൻഷന്റെ ഭാഗമായാണ് അതിരൂപതയുടെ ആഘോഷങ്ങളും നടത്തുകയെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ അറിയിച്ചു. ഫരീദാബാദ് അതിരൂപതയുടെ കീഴിലുള്ള ബിജിനോർ, ഗൊരഖ്പുർ രൂപതകളുമായി ചേർന്ന് സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് ബിഷപ് പറഞ്ഞു.
സീറോമലബാർ സഭയുടെ തലവനും മേജർ ആർച്ച്ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറേലി, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ തുടങ്ങിയവർ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കും.
സീറോ മലബാർ സഭയിലെ പുതിയ ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ (കല്യാണ്‍), മാർ സെബാസ്റ്റ്യൻ വടക്കേൽ (ഉജ്ജയിൻ), മാർ പ്രിൻസ് പാണേങ്ങാടൻ (ഷംഷാബാദ്) എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകും.
സാന്തോം ബൈബിൾ കണ്‍വൻഷനോടനുബന്ധിച്ച് ഒന്നിനു വൈകുന്നേരം അഞ്ചു മുതൽ മ്യൂസിക്കൽ ബാൻഡ് പ്രോഗ്രാമും നടക്കും. ഡൽഹിയിൽ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിനു മുന്നേ ആരംഭിച്ച സാന്തോം ബൈബിൾ കണ്വൻഷൻ തലസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയാണെന്ന് ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു.
ഫാ. സാജു ഇലഞ്ഞിയിലാണ് ധ്യാനം നയിക്കുന്നത്. ഈ വർഷവും ആറായിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കമെന്ന് സംഘാടകർ അറിയിച്ചു.
അതിരൂപതാ ചാൻസലർ ഫാ. മാർട്ടിൻ പാലമറ്റം, പരിപാടിയുടെ ജനറൽ കണ്‍വീനർ ഫാ. ജോമി വാഴക്കാലായിൽ, കണ്‍വീനർ ഫാ. മാത്യു തൂമുള്ളിൽ, പിആർഒ ജോമി കളപ്പറന്പിൽ എന്നിവർ കേരളാഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.