ഒമർ അബ്ദുള്ള സർക്കാർ അധികാരത്തിലേറി ഒരു വർഷം; എങ്ങുമെത്താതെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി
Friday, October 17, 2025 1:06 AM IST
ന്യൂഡൽഹി: ഒമർ അബ്ദുള്ള ജമ്മു കാഷ്മീരിന്റെ മുഖ്യമന്ത്രിയായിട്ട് ഒരു വർഷം. ഒരു വർഷത്തെ ഭരണം വിലയിരുത്തുന്പോൾ തെരഞ്ഞെടുപ്പു പ്രകടനപത്രികകളിലെ പല വാഗ്ദാനങ്ങളും ഒമർ അബ്ദുള്ളയ്ക്കു നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. നടപ്പാക്കാൻ കഴിയാത്ത പ്രധാന വാഗ്ദാനവും വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണവും ഒന്നുതന്നെയാണ്; ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി.
മുഖ്യമന്ത്രി ഒമറാണെങ്കിലും ഭരണം നടത്തുന്നത് ജമ്മു കാഷ്മീർ എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ ലഫ്. ഗവർണർ മനോജ് സിൻഹയാണെന്നാണ് ഒമറിന്റെ പാർട്ടിയായ നാഷണൽ കോണ്‍ഫറൻസ് ആരോപിക്കുന്നത്. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളെല്ലാം പാസാകുന്നുണ്ടെങ്കിലും ഗവർണറുമായുള്ള അധികാര വടംവലിയിൽ അംഗീകരിക്കപ്പെടുന്നില്ലെന്ന് ഒമറും പറയുന്നു.
നാഷണൽ കോണ്‍ഫറൻസ് അധികാരത്തിലെത്തിയപ്പോൾ 2019ൽ നഷ്ടമായ സംസ്ഥാനപദവി ജമ്മു കാഷ്മീരിന് ഉടൻ തിരികെ ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വാഗ്ദാനം ഉൾപ്പെടുത്തിയ ഒമർ അധികാരം ലഭിച്ച ഉടൻതന്നെ ഈ ആവശ്യം മന്ത്രിസഭാ പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നൽകി.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ബിജെപിയുമായുള്ള ഉരസലില്ലാത്ത ബന്ധത്തിലൂടെ സംസ്ഥാനപദവി തിരികെ നേടിയെടുക്കാമെന്നായിരുന്നു ഒമർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേന്ദ്രവും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ വടംവലി മൂലം സംസ്ഥാനപദവി ഇപ്പോഴും അകലെയായി തുടരുന്നു.
ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണം അടക്കമുള്ള വിഷയങ്ങളും സംസ്ഥാനപദവി തിരികെ ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി. സംസ്ഥാനപദവി തിരികെ നൽകണമെന്നുള്ള ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നതു മാത്രമാണ് കേന്ദ്രഭരണപ്രദേശത്തെ മന്ത്രിസഭയ്ക്ക് പ്രതീക്ഷ നൽകുന്നത്.
ക്രമസമാധാനമുൾപ്പെടെയുള്ള അധികാരം ഒരിക്കൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ തയാറായിരുന്ന് പിന്നീട് നിരാശപ്പെടേണ്ടിവന്ന മനോജ് സിൻഹയ്ക്കാണെങ്കിലും പരിമിതപ്പെട്ട അധികാരത്തിലും ചില സാമൂഹികക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഒമറിന്റെ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്.
ദരിദ്രകുടുംബങ്ങൾക്ക് 200 യൂണിറ്റ് വൈദ്യുതിയും പത്തു കിലോ അരിയും സൗജന്യമായി നൽകിയതും കേന്ദ്രഭരണപ്രദേശത്തുടനീളം സൗജന്യമായി ബസ് യാത്ര ചെയ്യാൻ സ്ത്രീകൾക്ക് അവസരമൊരുക്കിയതും വിവാഹസമയത്ത് യുവതികൾക്ക് 75000 രൂപ സാന്പത്തികസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടതുമെല്ലാം സർക്കാരിന്റെ നേട്ടങ്ങളാണ്.
സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്താൻ നാഷണൽ കോൺഫറൻസ് തീരുമാനിച്ചത് സഖ്യകക്ഷിയായ കോൺഗ്രസിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.