അമേരിക്കയിലേക്കുള്ള തപാൽ സേവനം ഇന്നുമുതൽ പുനരാരംഭിക്കും
Wednesday, October 15, 2025 2:21 AM IST
ന്യൂഡൽഹി: താത്കാലികമായി നിർത്തിവച്ച അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചു. അമേരിക്കയിലെ കസ്റ്റംസ് ചട്ടങ്ങളെ തുടർന്നാണ് തപാൽസേവനങ്ങൾ ഓഗസ്റ്റ് 22ന് കേന്ദ്രസർക്കാർ താത്കാലികമായി നിർത്തിവച്ചത്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ (സിബിപി) മാർഗനിർദേശപ്രകാരം ഇന്ത്യയിൽനിന്നുള്ള തപാൽ സേവനങ്ങൾക്ക് 50 ശതമാനം താരിഫ് നയം ബാധകമാകും. കൊറിയറുകൾ, വാണിജ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കൊഴികെ തപാൽ സേവനങ്ങൾക്ക് അധിക താരിഫ് ഉണ്ടാകില്ല.
തപാൽ വഴി അയയ്ക്കുന്ന വസ്തുക്കൾ കൃത്യമായ മേൽവിലാസത്തിൽ എത്തിക്കുന്നതിന് അധികഫീസ് ഇല്ലെന്നും തപാൽവകുപ്പ് വ്യക്തമാക്കി. നിലവിലെ തപാൽ താരിഫുകൾ മാറ്റമില്ലാതെ തുടരും.
ഭാരിച്ച വസ്തുക്കൾ ഒഴികെയുള്ളവ യുഎസിലേക്ക് അയയ്ക്കാൻ തപാൽമാർഗം സ്വീകരിക്കുന്നവർക്ക് പുതിയ നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുമെന്നും തപാൽ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
എക്സ്പ്രസ് മെയിൽ സർവീസ് (ഇഎംഎസ്), എയർ പാഴ്സലുകൾ, രജിസ്റ്റർ ചെയ്ത കത്തുകൾ തുടങ്ങിയവ രാജ്യത്തെ ഏതൊരു തപാൽ ഓഫീസിൽനിന്നും അമേരിക്കയിലേക്ക് അയയ്ക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.