“വാറന്റ് എവിടെ” പോലീസിനെ തടഞ്ഞ് മന്ത്രിപുത്രി
Friday, October 17, 2025 1:06 AM IST
ഹൈദരാബാദ്: തെലുങ്കാന മന്ത്രി കോണ്ട സുരേഖയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി) എൻ. സുമന്തിനെ മന്ത്രിവസതിയിൽനിന്നു കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ഈയിടെ സുമന്തിനെ പദവിയിൽനിന്നു നീക്കിയിരുന്നു.
മന്ത്രിയുടെ വസതിയിൽ സുമന്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണു പോലീസെത്തിയത്. എന്നാൽ, മന്ത്രി സുരേഖയുടെ മകൾ കോണ്ട സുഷ്മിത പോലീസുകാരെ എതിർത്തു രംഗത്തെത്തി. വാറന്റ് കാണിക്കാൻ സുഷ്മിത ആവശ്യപ്പെട്ടു.
തുടർന്ന് മന്ത്രിയും സുമന്തും കാറിൽ വീട്ടിൽനിന്നു പോയി. പിന്നാക്കക്കാരായ തങ്ങളെ റെഡ്ഢി നേതാക്കൾ ലക്ഷ്യമിടുകയാണെന്ന് മാധ്യമപ്രവർത്തകരോടു സുഷ്മിത പറഞ്ഞു. പിതാവ് കോണ്ട മുരളിയെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സുമന്തിനെ ഒഎസ്ഡിസ്ഥാനത്തുനിന്നു നീക്കിയതെന്ന് സുഷ്മിത കുറ്റപ്പെടുത്തി.