ഫാ.അരുൾദാസിന്റെ 25-ാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു
Thursday, September 12, 2024 3:18 AM IST
ഭുവനേശ്വർ: വൈദികശുശ്രൂഷയ്ക്കിടെ രക്ഷസാക്ഷിത്വം വരിച്ച ഫാ. അരുൾദാസിന്റെ 25-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിനു സ്മരണാഞ്ജലിയർപ്പിച്ച് വിശ്വാസികൾ.
ഒഡീഷയിലെ ബാലസോർ രൂപതയിൽപ്പെട്ട വിദൂര വനപ്രദേശമായ ജാമുബാനിയിൽ കഴിഞ്ഞദിവസം നടന്ന 25-ാം രക്തസാക്ഷിത്വ വാർഷികദിനാചരണത്തിൽ നാലായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
ഈശോയുടെ ജീവിതത്തെ അടുത്തറിഞ്ഞ് അനുഗമിച്ച വ്യക്തിയാണു ഫാ.അരുൾദാസെന്നും ഈശോയെപ്പോലെ നല്ലിടയനായി പ്രദേശത്തെ ജനങ്ങൾക്കിടയിൽ ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു വചനസന്ദേശം നൽകിയ ബാലസോർ ബിഷപ് ഡോ.വർഗീസ് തോട്ടംകര പറഞ്ഞു.
50 വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങിനെത്തിയിരുന്നു. ഒഡീഷയിലെ മയൂർബഞ്ജ് ജില്ലയിലെ ജാമുബാനിയിൽ അക്രമികളുടെ അമ്പേറ്റാണു ഫാ. അരുള്‍ദാസ് രക്തസാക്ഷിത്വം വരിച്ചത്.
1999 സെപ്റ്റംബർ ഒന്നിന് ‘ഹൊ’വിഭാഗത്തിൽപ്പെട്ട ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന ജാമുബാനിയിൽ അവിടത്തെ ക്രൈസ്തവ സമൂഹത്തിനുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കാനെത്തിയതായിരുന്നു 33 കാരനായിരുന്ന ഫാ.അരുൾദാസ്.
വിശുദ്ധ കുർബാന അർപ്പിച്ചു ഭക്ഷണവും കഴിച്ചശേഷം പ്രാദേശിക ജനത അവരുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായ നൃത്തവും പാട്ടുമായി ആഘോഷത്തിലായി. ഇതിനിടെ സ്ഥലത്തെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമികൾ നൃത്തം ചെയ്യുന്നവരെ വളഞ്ഞശേഷം ഫാ.അരുൾദാസിനെയും സഹായി കാത്തേസിംഗ് ഗുൺഷിയെയും ആക്രമിക്കുകയായിരുന്നു. അക്രമികളെ കണ്ട് ഇറങ്ങിയോടി മരങ്ങൾക്കിടയിൽ മറഞ്ഞ ഫാ.അരുൾദാസിനെ അക്രമികളിൽ ഒരാൾ പിന്തുടർന്ന് അമ്പെയ്താണു കൊലപ്പെടുത്തിയത്.
ജാമുബാനിയിലെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെട്ടു സേവനം ചെയ്തു വരികയായിരുന്നു ഫാ.അരുള്‍ദാസ്. കുറച്ചു പുസ്തകങ്ങളും ഒരു പോക്കറ്റ് റേഡിയോയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
എളിമയുടെ മാതൃകയായിരുന്ന ഫാ. അരുള്‍ദാസിന് ഹ്രസ്വകാലം കൊണ്ട് “ഹൊ’’ ജനതയുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞിരുന്നു. ‘എന്റെ ഹൃദയം എപ്പോഴും നിങ്ങളുടെ നീതിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും നിങ്ങൾക്കു നീതി ലഭിക്കും വരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകുമെന്നും’ അദ്ദേഹം “ഹൊ’’ ജനതയോട് പറയുമായിരുന്നു.
ഫാ.അരുൾദാസ് കൊല്ലപ്പെടുന്പോൾ കേവലം 18 “ഹൊ’’ കുടുംബങ്ങളാണു ക്രൈസ്തവ വിശ്വാസികളായി പ്രദേശത്ത് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പ്രദേശത്തെ ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം 400 ആയി ഉയർന്നതായി ഫാ.അരുൾദാസിന്റെ ജീവചരിത്രം രചിച്ച ഫാ.വർഗീസ് പുതുമറ്റം പറഞ്ഞു.