യുവരാജിന്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു
Saturday, June 3, 2023 1:52 AM IST
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച സേലം ഗോകുൽരാജ് ദുരഭിമാനകൊലപാതകക്കേസിൽ മുഖ്യപ്രതി യുവരാജിനും ഏഴു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു.
2015 ൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പ്രതികൾക്കു കഴിഞ്ഞവർഷം മാർച്ചിലാണ് മധുരയിലെ പ്രത്യേകകോടതി ആജീവനാന്തം ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചുപ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചുവെന്ന കാരണത്തിന് ദളിത് വിഭാഗക്കാരനായ എൻജിനിയറിംഗ് വിദ്യാർഥി വി.ഗോകുൽരാജിനെ കഴുത്തറത്തുകൊന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയെന്നതായിരുന്നു കേസ്.
ഗൗണ്ടർ ജാതി സംഘടനയായ ധീരൻ ചിന്നാമലൈ ഗൗണ്ടർ പേരവലിന്റെ സ്ഥാപക നേതാവ് എസ്. യുവരാജും മറ്റ് ഒന്പതുപേരുമായിരുന്നു പ്രതികൾ. യുവരാജിന് ട്രിപ്പിൾ ജീവപര്യന്തവും മറ്റു ഒന്പതു പ്രതികൾക്ക് ഇരട്ട ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചത്.
പ്രതികൾ ജീവിതാവസാനം വരെ തടവിൽക്കഴിയണമെന്നു വ്യക്തമാക്കിയ കോടതി പരോളിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. ഇതിനെതിരേ സമർപ്പിച്ച അപ്പീലാണ് ജസ്റ്റീസ് എം.എസ്. രമേശും ജസ്റ്റീസ് ആനന്ദ് വെങ്കിടേഷും അടങ്ങുന്ന ബഞ്ചിന്റെ തീർപ്പ്. യുവരാജിനും മറ്റ് ഏഴുപ്രതികൾക്കുമെതിരേയുള്ള ശിക്ഷ നിലനിർത്തിയ കോടതി പ്രഭു, ഗിരിധർ എന്നീ രണ്ടു പ്രതികളുടെ ശിക്ഷ ഇളവുചെയ്തു.
പ്രതികൾ അഞ്ചുവർഷം കഠിനതടവ് അനുവദിച്ചാൽ മതിയെന്നാണ് ഉത്തരവ്.അഞ്ചുപ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ ഗോകുൽരാജിന്റെ അമ്മയും പ്രോസിക്യൂഷനും നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. പ്രതികളെ വെറുതെവിടാനുള്ള കാരണം വിചാരണക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കാമുകിയുമായി സംസാരിച്ചതിനെത്തുടർന്ന് 2015 ജൂൺ 23 നാണ് നാമക്കൽ തിരുച്ചെങ്കോട് അർധനാരീശ്വര ക്ഷേത്രത്തിനു സമീപത്തുനിന്നും ഗോകുൽരാജിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡിഎംകെ സർക്കാരിൽ ഗൗണ്ടർ വിഭാഗത്തിന് സ്വാധീനം ഉണ്ടായിരുന്നതിനാൽ കേസ് തേച്ചുമായ്ച്ചുകളയാനും വലിയ ശ്രമം നടന്നു. കേസന്വേഷിച്ചിരുന്ന ഡിഎസ്പി ഗൗണ്ടർ വിഭാഗക്കാരുടെ സമ്മർദ്ദം മൂലം ജീവനൊടുക്കിയിരുന്നു. തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിസിഐഡിയാണ് പ്രതികളെ പിടികൂടിയത്.