ആദായനികുതി നിയമത്തിന്റെ സമഗ്ര അവലോകനം ആറ് മാസത്തിനകം
Wednesday, July 24, 2024 2:51 AM IST
ന്യൂഡൽഹി: ജിഎസ്ടി, കസ്റ്റംസ്, ആദായനികുതി എന്നിവയ്ക്കു കീഴിലുള്ള എല്ലാ സേവനങ്ങളും രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൈസ് ചെയ്ത് കടലാസ് രഹിതമാക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.
1961ലെ ആദായനികുതി നിയമം സംക്ഷിപ്തവും വ്യക്തവുമാക്കുന്നതിനായി ആറ് മാസത്തിനുള്ളിൽ സമഗ്രമായ അവലോകനം മന്ത്രി പ്രഖ്യാപിച്ചു. നികുതിദായകർക്ക് തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്ന തരത്തിൽ ഇത് നീതി ഉറപ്പു നൽകുമെന്നും മന്ത്രി പറഞ്ഞു.
ആദായനികുതി തർക്കത്തിൽ തീർപ്പു കൽപ്പിക്കാത്ത അപ്പീലുകൾ പരിഹരിക്കുന്നതിന് ‘വിവാദ് സേ വിശ്വാസ് പദ്ധതി 2024’ മന്ത്രി പ്രഖ്യാപിച്ചു. കോർപറേറ്റ് നികുതിയുടെ 58 ശതമാനം 2022-23 സാമ്പത്തികവർഷത്തിലെ ലളിതമാക്കിയ നികുതിവ്യവസ്ഥയിൽനിന്നാണ് വന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മൂന്നിൽ രണ്ടുപേരും പുതിയ വ്യക്തിഗത ആദായനികുതി വ്യവസ്ഥ പ്രയോജനപ്പെടുത്തി.
നികുതി-അനിശ്ചിതത്വവും തർക്കങ്ങളും കുറയ്ക്കുന്നതിനുള്ള മറ്റൊരു നടപടിയായി, പുനർമൂല്യനിർണയത്തിന്റെ സമഗ്രമായ ലളിതവത്കരണം നിർദേശിച്ചു. 50 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുണ്ടെങ്കിൽ മാത്രമേ മൂല്യനിർണയ വർഷാവസാനം മുതൽ മൂന്ന് വർഷത്തിനപ്പുറം ഇനി മുതൽ മൂല്യനിർണയം പുനരാരംഭിക്കാൻ കഴിയൂ. തെരയൽ കേസുകളിൽ, നിലവിലുള്ള പത്ത് വർഷത്തെ സമയപരിധി ആറ് വർഷമായി നിജപ്പെടുത്തും.
ധനകാര്യ ബില്ലിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ടിഡിഎസിനുമുള്ള നികുതി ലളിതമാക്കൽ പ്രക്രിയയ്ക്കു തുടക്കംകുറിച്ച്, ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള രണ്ട് നികുതിയിളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കണമെന്ന് നിർദേശിച്ചു. പല പണമിടപാടുകളുടെയും അഞ്ചു ശതമാനം ടിഡിഎസ് നിരക്ക് രണ്ടു ശതമാനമാക്കും.
മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ യുടിഐ വഴി യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ 20 ശതമാനം ടിഡിഎസ് നിരക്ക് പിൻവലിക്കും. ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരുടെ ടിഡിഎസ് നിരക്ക് ഒന്നിൽനിന്ന് 0.1 ശതമാനമായി കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ടിഡിഎസ് അടയ്ക്കുന്നതിനുള്ള കാലതാമസം, പ്രസ്താവന സമർപ്പിക്കേണ്ട തീയതി വരെ കുറ്റകരമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
നികുതി ട്രിബ്യൂണലുകൾ, ഹൈക്കോടതികൾ, സുപ്രീംകോടതി എന്നിവയിൽ നേരിട്ടുള്ള നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള സാമ്പത്തികപരിധി യഥാക്രമം 60 ലക്ഷം, രണ്ടു കോടി, അഞ്ചു കോടി രൂപ എന്നിങ്ങനെ വർധിപ്പിക്കും.
സെക്യൂരിറ്റികളുടെ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് യഥാക്രമം 0.02 ശതമാനമായും 0.1 ശതമാനമായും വർധിപ്പിക്കും. ഓഹരികൾ തിരികെ വാങ്ങുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുന്നത് ഇക്വിറ്റിയുടെ അളവുകോലായി നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ നിർദേശങ്ങൾ പ്രത്യക്ഷ നികുതി ഇനത്തിൽ 29,000 കോടി രൂപയും പരോക്ഷനികുതിയിൽ 8,000 കോടി രൂപയും ഉൾപ്പെടെ ഏകദേശം 37,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാക്കുമെങ്കിലും 30,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കുമെന്നും മന്ത്രി പറഞ്ഞു.