തിരുവനന്തപുരം, കൊച്ചി മെട്രോ നഗരങ്ങളിൽ രണ്ടു ഡിസിപി തസ്തികകൂടി അനുവദിച്ചു
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കൊച്ചിയുടെയും സുരക്ഷ ശക്തമാക്കാൻ ക്രമസമാധാന ചുമതലയുള്ള ഓരോ ഡെപ്യൂട്ടി കമ്മീഷണർ തസ്തികകൂടി അനുവദിച്ചു.
ക്രമസമാധാനം, ട്രാഫിക് ചുമതലയുള്ള ഐപിഎസുകാരായ ഡെപ്യൂട്ടി കമ്മീഷണറുടെ തസ്തികയാണ് അനുവദിച്ചത്. ഇതോടെ രണ്ടു നഗരങ്ങളിലും ക്രമസമാധാന ചുമതലയുള്ള രണ്ടു വീതം ഡെപ്യൂട്ടി കമ്മീഷണർമാരും അഡ്മിനിസ്ട്രേഷനായി ഒരു ഡെപ്യൂട്ടി കമ്മീഷണറുമുണ്ടാകും.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങളും രാജ്ഭവനു നേർക്കുള്ള പ്രതിഷേധങ്ങളും നേരിടാൻ വേണ്ടി മാത്രം ഒരു ഡിസിപിയെ നിയോഗിക്കേണ്ടി വരുമെന്നാണു പോലീസ് റിപ്പോർട്ട്. ഇതിനു പുറമെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി ഒരു ഡെപ്യൂട്ടി കമ്മീഷണറുമുണ്ട്. ഈ തസ്തിക നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.