“സർക്കാർ സഹായിച്ചില്ലെങ്കിൽ ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തും”; രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ
Saturday, July 5, 2025 1:51 AM IST
കോട്ടയം: മന്ത്രിമാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ബിന്ദുവിനെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഡി. ബിന്ദുവിന്റെ സംസ്കാരത്തില്‍ പങ്കെടുക്കാനെത്തിയ സതീശന് തലയോലപ്പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സാധാരണയായി ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണാല്‍ സര്‍ക്കാര്‍ അതിന് മതിയായ നഷ്ടപരിഹാരം നല്‍കണം. ഇവിടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് മന്ത്രിമാരായതില്‍ സര്‍ക്കാരിനു കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.
25 ലക്ഷം രൂപയില്‍ കുറയാതെയുള്ള നഷ്ടപരിഹാരം ബിന്ദുവിന്റെ കുടുംബത്തിന് നല്‍കണം. മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തയാറാകണം.
അടിയന്തരമായി കുട്ടിയുടെ ചികിത്സ നടത്തുകയാണു വേണ്ടത്. അതിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കുട്ടിയുടെ ചികിത്സയുടെ ഉത്തരവാദിത്വം പ്രതിപക്ഷം ഏറ്റെടുക്കും. വീട് പണി പൂര്‍ത്തിയാക്കുന്നതിന് ഉള്‍പ്പെടെ സഹായം നല്‍കും. സഹായിക്കാന്‍ തയാറല്ലെന്ന വാശിയാണ് സര്‍ക്കാര്‍ കാട്ടുന്നത്.
അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ആ കുടുംബത്തെ വിളിക്കാന്‍ പോലും തയാറാകാത്തത്. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്നും സതീശൻ പറഞ്ഞു.