സ്കൂൾ കലോത്സവം തൃശൂരിൽ
Sunday, July 6, 2025 1:43 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ജനുവരി മൂന്നു മുതൽ ഏഴുവരെയാണ് കലോത്സവം. സംസ്ഥാന സ്കൂൾ കായിമേള ഒളിമ്പിക്സ് മാതൃകയിൽ ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്തു നടത്തും. അധ്യാപകദിനാഘോഷത്തിന് തിരുവനന്തപുരം വേദിയാകും.
അധ്യാപകദിനമായ സെപ്റ്റംബർ അഞ്ച് തിരുവോണ അവധിയായതിനാൽ സെപ്റ്റംബർ ഒന്‍പതിനായിരിക്കും അധ്യാപക ദിനാഘോഷം. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ വയനാട് നടക്കും. സ്പെഷൽ സ്കൂൾ കലോത്സവത്തിന് നവംബർ 27 മുതൽ 30 വരെ മലപ്പുറം വേദിയാകും.
ശാസ്ത്രോത്സവം പാലക്കാട്ടും ദിശ ഹയർ സ്റ്റഡീസ് എക്സ്പോയും ഇന്റർനാഷണൽ കരിയർ കോൺക്ലേവും കോട്ടയത്തും നടത്തും.