പാലക്കാട് വിദേശമദ്യ നിർമാണ യൂണിറ്റ് തീരുമാനം ആത്മഹത്യാപരം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Saturday, July 5, 2025 1:51 AM IST
മാവേലിക്കര: പാലക്കാട് മേനോൻപാറയിൽ എഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇന്ത്യൻ വിദേശമദ്യനിർമാണ യൂണിറ്റ് കേരള പൊതുസമൂഹത്തോട് നടത്തുന്ന കടുത്ത വെല്ലുവിളിയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
എലപ്പുള്ളി ബ്രൂവറിയുടെ സ്ഥാപനത്തിൽ അതിശക്തമായ പൊതുജന പ്രതിഷേധം തുടരുമ്പോൾ തന്നെയാണ് കേരളത്തിൽ മദ്യത്തിന്റെ ലഭ്യത കൂട്ടാൻ പാലക്കാട് ജില്ലയിൽ തന്നെ പുതിയ നീക്കവുമായി സർക്കാർ മുന്നിട്ടിറങ്ങുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട സർക്കാർ തികച്ചും ആത്മഹത്യാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. പൊതുജന മനഃസാക്ഷിയെ ഞെട്ടിക്കുന്ന സർക്കാരിന്റെ നയപരമായ തീരുമാനം അത്യന്തം ആപത്കരമാണ്.
ലഹരിവിരുദ്ധ പോരാട്ടമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം വെറും പ്രഹസനമാണ്. നമ്മുടെ സംസ്കാരത്തനിമകളെ ചോദ്യം ചെയ്യുന്ന ആപത്കരമായ പുതിയ മദ്യ ഉത്പാദന യൂണിറ്റ് കൂട്ടായ ചെറുത്തുനിൽപ്പിലൂടെ പരാജയപ്പെടുത്തണമെന്ന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.