പ്രചോദനം സുസ്മിതം
Sunday, July 6, 2025 1:43 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഇവരും “എന്റെ മക്കളാണ്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരെ പൊന്നുപോലെ നോക്കണം....’’ പുനരധിവാസകേന്ദ്രത്തിൽ അന്തേവാസികളെ നെഞ്ചോടു ചേർത്തുനിർത്തി ചാക്കോ ഇതു പറഞ്ഞപ്പോൾ, മകൾ സുസ്മിതയും ആ കരവലയത്തിനുള്ളിലുണ്ടായിരുന്നു.
തന്നോടുള്ള പിതാവിന്റെ ഓർമപ്പെടുത്തൽ വെറുതെയങ്ങു മറന്നുകളയാൻ സുസ്മിതയ്ക്കു കഴിയുമായിരുന്നില്ല. പിതാവിന് തന്റെ അഭയകേന്ദ്രത്തിലെ അന്തേവാസികളോടും തിരിച്ചുമുള്ള സഹവർത്തിത്വത്തിന്റെ ഇഴയടുപ്പം അത്രമേൽ അടുത്തറിഞ്ഞതുതന്നെ കാരണം.
മൂന്നു വർഷത്തിനുശേഷം ചാക്കോയുടെ മരണാനന്തരം എയ്ഡഡ് സ്കൂളിലെ അധ്യാപന ജോലി വിട്ട്, അഭയകേന്ദ്രത്തിന്റെയും അവിടുത്തെ അന്തേവാസികളായ 120 പേരുടെയും ചുമതല ഏറ്റെടുക്കുമ്പോൾ സുസ്മിതയുടെ പ്രായം 24. മാനസിക, ശാരീരിക വൈകല്യങ്ങളുള്ളവർ, അനാഥർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടവർ... എല്ലാവരും സുസ്മിതയുടെ സ്നേഹത്തിലും കരുതലിലും സന്തുഷ്ടർ.
യുവത്വത്തിന്റെ കരുത്തും തീക്ഷ്ണതയും അഗതികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി സമർപ്പിച്ച സുസ്മിത എം. ചാക്കോ, കാസർഗോഡ് മടിക്കൈ മരപ്പശേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ സാരഥിയാണ്. ഭിന്നശേഷിക്കാരനായിരുന്ന പിതാവ് എം.എം. ചാക്കോ കുടുംബസ്വത്തായി കിട്ടിയ ഭൂമി വിറ്റ് ആരംഭിച്ചതാണു പുനരധിവാസ കേന്ദ്രം. അഞ്ചാം വയസിൽ പോളിയോ ബാധിച്ചതിനെത്തുടർന്ന്, 75 ശതമാനം ശാരീരിക വൈകല്യം. അവശതകൾ മറന്നും അന്തേവാസികൾക്കായി അവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
2022ൽ ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു. പിതാവ് നിർത്തിയിടത്തു നിന്നു മകൾ സുസ്മിത ആ കാരുണ്യനിയോഗം ഏറ്റെടുക്കുകയായിരുന്നു. നന്നായി പഠിച്ച് ആഗ്രഹിച്ചു നേടിയ അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു അധികമാരും തെരഞ്ഞെടുക്കാത്ത ആ ചുവടുവയ്പ്.
അമ്മ ഷീല ചാക്കോയും സഹോദരൻ മനുവും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്. സുസ്മിതയും അമ്മയും അന്തേവാസികൾക്കൊപ്പമാണ് താമസം. 120 പേർക്ക് ദിവസവും ആഹാരവും മരുന്നും വസ്ത്രങ്ങളും അനുബന്ധസൗകര്യങ്ങളുമൊരുക്കാനുള്ള വലിയ ദൗത്യം ഇവർ സധൈര്യം നിർവഹിക്കുകയാണ്. സ്ഥാപനത്തിലെ അമ്മമാർക്കായി ഭക്ഷണമുറി ഒരുക്കാൻ സുമനസുകളെ തേടുകയാണു സുസ്മിത.
തലശേരി അതിരൂപതയിലെ ചായോത്ത് സെന്റ് അൽഫോൻസ ഇടവകാംഗമായ സുസ്മിത കെസിവൈഎമ്മിലും സജീവമാണ്. ബിരുദവും ടിടിസിയും കെടെറ്റും ഉൾപ്പടെയുള്ള അക്കാദമിക് യോഗ്യതകളും അധ്യാപന ജോലിയുമുണ്ടായിട്ടും അതെല്ലാംവിട്ട് എന്തുകൊണ്ട് അഗതികളുടെ പരിചരണത്തിൽ എന്നു ചോദിച്ചാൽ സുസ്മിത പുഞ്ചിരിച്ചുകൊണ്ടു മറുപടി പറയും- “അഗതികളെ മക്കളെ പോലെ കണ്ടു സ്നേഹിച്ചൊരു പപ്പയുടെ മകളാണു ഞാൻ. അവരെ പരിചരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റെന്തിലും കിട്ടില്ല. അതിലൂടെ പപ്പയുടെ ആത്മാവും സന്തോഷിക്കുന്നുണ്ട്”. അതേ, സുസ്മിത സന്തോഷവതിയാണ്; ഈ നന്മയൗവനത്തിന്റെ തണലിൽ അഭയകേന്ദ്രത്തിലെ അന്തേവാസികളും.