ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ അവകാശം: വി.സി. സെബാസ്റ്റ്യന്‍
Saturday, July 5, 2025 1:51 AM IST
കൊച്ചി: മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ സ്ഥാപനത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ഭരണഘടനാപരമായ അവകാശമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
ക്രിസ്ത്യന്‍ സ്കൂളുകളില്‍ തങ്ങളുടെ മതപരമായ പ്രാര്‍ഥനകള്‍ ഇതര മതസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ ആ പ്രാര്‍ഥനയെ അവഹേളിക്കാതിരിക്കാനും സാമാന്യ ബഹുമാനം പുലര്‍ത്താനുമുള്ള നിഷ്കര്‍ഷ മാത്രമാണ് ക്രൈസ്തവ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.
ക്രൈസ്തവ സ്ഥാപനങ്ങളിലെ ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ കഴിയില്ല.
ഭരണരംഗത്തെ പരാജയം മറികടക്കാന്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതും വിവാദ പരാമര്‍ശങ്ങളിലൂടെ ജനങ്ങളില്‍ മതപരവും വര്‍ഗീയവുമായ വേര്‍തിരിവ് സൃഷ്ടിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല.
ഇന്ത്യയുടെ ഭരണഘടന മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന അടിസ്ഥാന അവകാശങ്ങള്‍ വെല്ലുവിളിക്കാനും ബലികൊടുക്കാനും ആരെയും അനുവദിക്കില്ല.
അതേസമയം, മതപരമായ പ്രാര്‍ഥനകള്‍ ഇതര മതസ്ഥരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതായി വിദ്യാഭ്യാസമന്ത്രി ചൂണ്ടിക്കാട്ടിയ പരാതികള്‍ അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.