കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
Sunday, July 6, 2025 1:43 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി.