സിപിഎം നേതാക്കൾക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന ഹർജി; വി.ഡി. സതീശനും കെ. സുധാകരനും സാക്ഷിമൊഴി നൽകാൻ എത്തും
Sunday, July 6, 2025 1:43 AM IST
തിരുവനന്തപുരം: എകെജി സെന്റർ സ്ഫോടനക്കേസിൽ സിപിഎം നേതാക്കൾക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന ഹർജിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരനും സാക്ഷിവിസ്താരത്തിനായി അടുത്ത വർഷം ജനുവരി 12നു കോടതിയിൽ ഹാജരാകണം.
ഇന്നലെ ഇവർ ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നു. തിരക്കു മൂലം ഹാജരാകാൻ കഴിയില്ലെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചതിനെത്തുടർന്നാണ് സാക്ഷിവിസ്താരം നീട്ടിവച്ചത്.
എകെജി സെന്റർ സ്ഫോടനം നടന്നു മിനിറ്റുകൾക്കകം മുൻ മന്ത്രിമാരും സിപിഎം നേതാക്കളുമായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ എകെജി സെന്ററിനു മുന്നിൽനിന്നു നടത്തിയ പരാമർശങ്ങളിൽ ഇവർക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹർജിയിലാണ് കെ. സുധാകരനെയും വി.ഡി. സതീശനെയും തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതി സാക്ഷികളായി വിസ്തരിക്കുന്നത്.
ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും മാധ്യമങ്ങളിലൂടെ ലൈവ് ആയി നടത്തിയ പരാമർശങ്ങൾ കലാപാഹ്വാനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് ആണു കോടതിയെ സമീപിച്ചത്. ഇവർ ഗൂഢാലോചന നടത്തി തെറ്റായ പരാമർശങ്ങൾ നടത്തിയതിന്റെ ഫലമായി സംസ്ഥാനത്തിലുടനീളം അക്രമങ്ങളുണ്ടായി എന്നും ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നവാസ് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിൽ സ്ഫോടനം നടന്നതിന്റെ പിറ്റേദിവസം തന്നെ പരാതി നൽകിയിരുന്നു. എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ രണ്ടാഴ്ച കഴിഞ്ഞ് കമ്മീഷണർ ഓഫീസിൽ പരാതി കൊടുത്തു. ആ പരാതിയിലും ഒരു മാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.
ഈ ഹർജി രണ്ടു മാസത്തിനു ശേഷം കോടതി തള്ളി. തുടർന്നു ജില്ലാ കോടതിയെ സമീപിച്ചപ്പോൾ സാക്ഷി മൊഴികൾ പരിശോധിച്ചു തീരുമാനമെടുക്കാൻ മജിസ്ട്രേറ്റ് കോടതിക്കു നിർദേശം നൽകി. ഇതേത്തുടർന്നാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെയുള്ളവരെ സാക്ഷികളായി വിസ്തരിക്കുന്നത്.