അസ്ന വിവാഹിതയായി
Sunday, July 6, 2025 1:43 AM IST
കൂത്തുപറമ്പ്: ഡോ. അസ്ന ഇനി പുതുജീവിതത്തിലേക്ക്. രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി പൂവ്വത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ ഡോ. അസ്ന വിവാഹിതയായി.
ആലക്കോട് സ്വദേശിയും ഷാർജയിൽ എൻജിനിയറുമായ നിഖിലാണ് ഇന്നലെ അസ്നയുടെ കഴുത്തിൽ താലികെട്ടിയത്. നിരവധിപേരാണ് ധന്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.
അന്ന് രാഷ്ട്രീയ സംഘർഷം നടന്ന പൂവത്തൂര്‍ എല്‍പി സ്കൂളിനു മുന്നിലായി ഒരുക്കിയ പന്തലിലാണ് അസ്ന വിവാഹിതയായത്. വിവാഹദിനത്തിൽ അനുഗ്രഹം നൽകാൻ അച്ഛന് നാണുവില്ലെന്ന ദുഃഖം മാത്രമാണ് അസ്നയ്ക്ക് ബാക്കിയുള്ളത്.
ദമ്പതികളെ ആശീർവദിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എം.കെ. രാഘവൻ എംപി, ഷാഫി പറമ്പിൽ എംപി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി സെക്രട്ടറി സജീവ് മാറോളി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.