മുഖ്യമന്ത്രി പോകുംമുന്പ് വീണയുടെ രാജിവാങ്ങണമായിരുന്നു: ചെന്നിത്തല
Sunday, July 6, 2025 1:43 AM IST
പാലക്കാട്: ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായിസർക്കാർ മെഡിക്കൽ കോളജ് കെട്ടിടം തകർന്നതുപോലെ തകരും.
ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിലാണ്. സംസ്ഥാനം ഗുരുതരമായ പ്രശ്നം നേരിടുന്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്കു പോയതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിനോട് ആരും എതിരല്ല. എന്നാൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷമാണ് പോകേണ്ടിയിരുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജിയെങ്കിലും എഴുതിവാങ്ങണമായിരുന്നു.
കോട്ടയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കുമാത്രമാണ്. ആരോഗ്യവകുപ്പ് ഗുരുതരമായ കുറ്റവും അനാസ്ഥയുമാണ് കാണിക്കുന്നത്.
കേരളത്തിൽനിന്നു വിട്ടുമാറിപ്പോയ പല രോഗങ്ങളും തിരിച്ചുവന്നു. സംവിധാനങ്ങളുടെ പോരായ്മയാണ് ദുരന്തങ്ങൾക്കു കാരണമെന്ന മന്ത്രിയുടെ പ്രസ്താവന തന്റെ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.