മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കടലിരമ്പം
Saturday, July 5, 2025 1:51 AM IST
ഗാന്ധിനഗര്‍: അധികൃതരുടെ അനാസ്ഥയില്‍ ഒരു വീടിന്റെ അത്താണിയായിരുന്ന വീട്ടമ്മയുടെ വിലപ്പെട്ട ജീവന് പൊലിഞ്ഞതിന്റെ അമര്‍ഷം ഇന്നലെ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ പ്രതിഷേധക്കടലായി മാറി.
കോണ്‍ഗ്രസും ബിജെപിയും നിരവധി പ്രവർത്തകരുമായെത്തി ആരോഗ്യമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു. പിടിപ്പുകേടിന്റെ പര്യായമായി മാറിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കുകയോ അതല്ലെങ്കില്‍ മന്ത്രിസഭയില്‍നിന്നു പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമുന്നയിച്ചു നടത്തിയ പ്രകടനം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.
കെട്ടിട അവശിഷ്ടങ്ങള്‍ കിടന്ന സ്ഥലത്തേക്കും അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്കും ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. അപകടമുണ്ടായ കെട്ടിടം ഇപ്പോള്‍ പൂര്‍ണമായി കാലിയാണ്.
ആശുപത്രി ഗേറ്റിനു മുന്നില്‍ പ്രതിഷേധക്കടല്‍ ഇരമ്പിയപ്പോള്‍ ആശുപത്രിയിയില്‍ കഴിയുന്നവരുടെ മനസില്‍ ആശങ്കയും ദുഃഖവും തളംകെട്ടി. കണ്മുന്പിലുണ്ടായ ദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്തവര്‍ക്ക് ഉണ്ണാനും ഉറങ്ങാനും പറ്റുന്നില്ല.
അപകടക്കെട്ടിടത്തിലെ 10, 11, 14 വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും നിര്‍മാണം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് നല്ല മൂഹൂര്‍ത്തം നോക്കിയിരുന്ന കെട്ടിടത്തിലെ ഓപ്പറേഷന് തിയറ്റര്‍ വാര്‍ഡിലേക്കും പുതിയ അത്യാഹിത വിഭാഗത്തിന്റെ മുകള്‍ നിലയിലേക്കും മാറ്റിയിട്ടുണ്ട്.
ശൗചാലയം ഇടിഞ്ഞതിനു പിന്നാലെ കെട്ടിടം അപ്പാടെ വീണേക്കാം എന്ന ഭീതിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗികള്‍ വരെ ജീവനുംകൊണ്ടോടുകയായിരുന്നു. പലരുടെയും മുറിവുകളില്‍നിന്നു വീണ്ടും ചോരയൊഴുകി.
നിരവധി പേര്‍ക്ക് വീണ്ടും മുറിവ് വച്ചുകെട്ടേണ്ടിവന്നു. ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ നീക്കം ചെയ്തു. കല്ലും മണ്ണും കോണ്‍ക്രീറ്റും നീക്കം ചെയ്യുക ഏറെ ദുഷ്കരമായിരുന്നു.