മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം
Sunday, July 6, 2025 1:43 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള പുതിയ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചതോടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം.
പിഎസ്സി ലിസ്റ്റിലുള്ള കൂടുതൽ ആളുകളെ നിയമിക്കാൻ വേണ്ടിയാണ് സംസ്ഥാനത്ത് സാന്പത്തിക ഞെരുക്കത്തിനിടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർദേശം സർക്കാരിലേക്ക് നല്കിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിലെ ചിലരാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം.
നികുതിച്ചോർച്ച തടയാൻ എന്ന പേരിൽ ടാക്സ് ഇന്റലിജൻസ് വിംഗ്, റോഡപകടങ്ങൾ കുറയ്ക്കാൻ എൻഫോഴ്സ്മെന്റിലേക്ക് പുതിയ നിയമനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ആർടിഒ, സബ് ആർടി ഓഫീസുകളിലേക്ക് കൂടുതൽ ജീവനക്കാരുടെ നിയമനം ഇങ്ങനെയാണ് നിർദേശങ്ങൾ പോയിരിക്കുന്നത്. എൻഫോഴ്സ്മെന്റ്- 722, ടാക്സ് ഇന്റലിജൻസ്-52, ഡ്രൈവിംഗ് ടെസ്റ്റ്-351 എന്നിങ്ങനെ 1125 പേരെ നിയമിക്കണമെന്നാണ് ആവശ്യം.
2018ൽ പുതിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ റോഡപകടങ്ങൾ കുറയ്ക്കാൻ 292 പുതിയ തസ്തികകളും 14 ജില്ലയിലും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളും തുടങ്ങിയിരുന്നു. അപകടങ്ങൾ കുറയ്ക്കുമെന്നും വർഷം 200 കോടി രൂപ പിഴ ഇനത്തിൽ ലഭ്യമാക്കുമെന്നുമായിരുന്നു അവകാശവാദം. അപകടങ്ങൾ കുറഞ്ഞില്ലെന്ന് മാത്രമല്ല 200 കോടിയുടെ സ്ഥാനത്ത് 50 കോടിപോലും ഖജനാവിൽ എത്തിയുമില്ല.
24 മണിക്കൂറും റോഡിൽ പരിശോധന നടത്തുന്ന ഇവരെ ഇപ്പോൾ റോഡിൽ കാണാനുമില്ല. കുറെ ആളുകൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നുണ്ട്. ബാക്കിയുള്ളവർ ഓഫീസിൽ ഇരുന്ന് കാമറ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്ന തിരക്കിലുമാണ്.
2019ലെ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ സാങ്കേതിക ജോലികൾ മോട്ടോർ വാഹന വകുപ്പിൽ ഇല്ലാതായി. 2025 ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം സംസ്ഥാനം നടപ്പിലാക്കാനുള്ള അവസാനഘട്ടത്തിലാണ്.
സംസ്ഥാനത്ത് 22 സ്വകാര്യ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ തുടങ്ങാൻ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതു നടപ്പിലാകുന്നതോടെ ആർടി ഓഫീസുകളിലെ പകുതി ഇൻസ്പെക്ടർമാരുടെ ജോലി ഇല്ലാതാകും.
കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ തുടങ്ങുന്നതോടെ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും ജോലി ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഇപ്പോഴത്തെ പ്രധാന ജോലി ഡ്രൈവിംഗ് ടെസ്റ്റാണ്.
ചെക്ക്പോസ്റ്റുകളുടെ എണ്ണം പകുതിയായി കുറച്ചതും പരിശോധന പകൽമാത്രമായി കുറച്ചതുംവഴി നിരവധി ഉദ്യോഗസ്ഥർക്കാണ് ജോലിയില്ലാതയിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നത്.