വീണയെ ന്യായീകരിച്ചും രാജി തള്ളിയും വാസവൻ
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ രക്ഷാ പ്രവർത്തനത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ന്യായീകരിച്ചും പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളിയും മന്ത്രി വി.എൻ. വാസവൻ.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും പോലീസ്, ഫയർഫോഴ്സ് അടക്കമുള്ള വകുപ്പുകളുടെയും ആദ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രി വീണാ ജോർജ് പറഞ്ഞതെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ ന്യായീകരണം.
ആരോഗ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടുകൂടിയാണെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ മന്ത്രി മറുപടി നൽകി.
മന്ത്രി വീണയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നതു രാഷ്ട്രീയ പ്രഹസനമാണ്. ഇത്തരം ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരു മന്ത്രിയും കാണില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ട സന്ദേശം ലഭിക്കുന്പോൾ 12 കിലോമീറ്റർ അകലെയുള്ളിടത്തു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലായിരുന്നു.
ആദ്യം കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്. അവിടെനിന്നാണ് ഫയർഫോഴ്സ് ഉന്നതരെ വിളിച്ച് രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ഹിറ്റാച്ചിയും എത്തിക്കാൻ നിർദേശിച്ചത്.
1962ൽ നിർമിച്ച കെട്ടിടമായതിനാൽ ഇവിടേക്ക് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതും ദുഷ്കരമായിരുന്നു. അപകടമുണ്ടായ ദിവസം മുഴുവൻ രോഗികളെയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പിഴവു പരിശോധിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സർക്കാർ സഹായം അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിക്കും.