ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കായലില്‍ കണ്ടെത്തി
Saturday, July 5, 2025 1:51 AM IST
കൊച്ചി: കാണാതായ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ കൊച്ചി കായലില്‍ മരിച്ചനിലയിൽ കണ്ടെത്തി. കടവന്ത്ര ഗാന്ധിനഗര്‍ ഫ്രണ്ട്സ് ലൈനില്‍ താമസിക്കുന്ന രതീഷ് ബാബുവാണ് മരിച്ചത്. ഇന്നലെ രാവിലെ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ എംബാര്ഗോയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടിന് ബാങ്കിലേക്ക് പോയ രതീഷ് തിരികെ വീട്ടിൽ എത്താത്തതിനാൽ ഭാര്യ സുമിത്ര കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ കുമ്പളം പാലത്തില്‍ രതീഷിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ അജ്ഞാത മൃതദേഹം തീരത്തടിഞ്ഞിട്ടുണ്ടെന്ന് ഹാര്‍ബര്‍ പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.