അഞ്ചു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് ഒന്നരലക്ഷത്തിലേറെ പേര്‍ക്ക്
Sunday, July 6, 2025 1:43 AM IST
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നു. അഞ്ചു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 1,65,136 പേര്‍ക്കാണ്.
2025 ജനുവരി മുതല്‍ മേയ് വരെയുളള കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് മാര്‍ച്ചിലാണ് - 35,085 പേര്. ജനുവരിയില്‍ 30,634 പേര്‍ക്കും ഫെബ്രുവരിയില്‍ 34,785 പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു.

ഏപ്രിലില്‍ 30,740 പേരെയും മേയ് മാസത്തില്‍ 33,892 പേരെയും തെരുവുനായ കടിച്ചു. ഇക്കാലയളവില്‍ 17 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ആലപ്പുഴ-നാല്, കൊല്ലം-മൂന്ന്, മലപ്പുറം-മൂന്ന്, പാലക്കാട്-രണ്ട്, പത്തനംതിട്ട-രണ്ട്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം- ഓരോന്നുവീതം എന്നിങ്ങനെയാണ് പേ വിഷബാധയേറ്റു മരിച്ചവരുടെ കണക്ക്.
വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു ലഭിച്ച വിവരങ്ങളിലാണ് ഇത് സൂചിപ്പിക്കുന്നത്.