പ്രതിപക്ഷത്തോട് ഗവർണർ: ‘ഇതിനേക്കാൾ വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട് ’
Thursday, January 30, 2020 12:52 AM IST
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ നിലപാടിനെ പരിഹസിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇതിനേക്കാൾ എത്രയോ വലിയ പ്രതിഷേധങ്ങൾ താൻ കണ്ടിട്ടുണ്ടെന്നു നയപ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രിയോടും സ്പീക്കറോടും ഒപ്പം പുറത്തെത്തിയ ഗവർണർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. സാധാരണ സംഭവിക്കാത്ത കാര്യങ്ങളല്ലേ ഇപ്പോൾ സംഭവിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഗവർണർ ഇങ്ങനെ പ്രതികരിച്ചത്.
എല്ലാം നിങ്ങൾ നേരിട്ടു കണ്ടല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മുഖ്യമന്ത്രി പിന്നീട് ഇതേക്കുറിച്ചു പ്രതികരിച്ചില്ല. പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നുവെന്നായിരുന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം. മുൻപെങ്ങും കാണാത്ത രീതിയിലാണു പ്രതിഷേധമെന്നും ജയരാജൻ പറഞ്ഞു.