സദാചാര ഗുണ്ടായിസവും സംഘർഷവും: രണ്ടു പേർ അറസ്റ്റിൽ
Monday, September 16, 2019 11:30 PM IST
തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസത്തെതുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുന്പിള്ളിച്ചിറ കരിന്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെയാണ് എസ്ഐ എം.പി.സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സദാചാര ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി(27), പെണ്‍കുട്ടിയുടെ സുഹൃത്ത് തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അച്ചൻകവല ചിറയത്ത് വിനു പ്രകാശൻ (20) എന്നിവരെ ആശുപത്രിയിൽനിന്നു ഡിസ്ചാർജു ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യും. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിനാണു കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിടയിൽ ലിബിനെ വിനു കത്തിക്കു കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. വിനുവിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നതു കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പോലീസ് ചമഞ്ഞ് ചോദ്യം ചെയ്തു സംഘർഷമുണ്ടാക്കിയെന്നാണ് കേസ്.
ആക്രമണത്തിൽ ലിബിന്റെ തോളിൽ ആഴത്തിൽ കത്തി തറച്ചു കയറിയിരുന്നു. കല്ലു കൊണ്ടുള്ള ഇടിയേറ്റ് വിനുവിന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.