കളം വിദർഭയുടേത്; കേരളത്തിന്റെ ഭാഗ്യ ഗ്രൗണ്ട്
Tuesday, February 25, 2025 12:52 AM IST
നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരം വിർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പുർ, വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ ജംതയിലെ ഗ്രൗണ്ടിലാണ്.
വിദർഭയ്ക്കിത് ഹോംഗ്രൗണ്ടാണെങ്കിലും കേരളത്തിനിത് ഭാഗ്യ ഗ്രൗണ്ടാണ്. 2002 മുതൽ കേരളം വിദർഭയുമായി നാലു തവണ ഈ കളത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണ കേരളം ജയിച്ചു, രണ്ടെണ്ണം സമനിലയായി. 2020ലാണ് ജംതയിൽ അവസാനമായി കേരളം-വിദർഭ പോരാട്ടം നടന്നത്. ഗ്രൂപ്പ് ഘട്ട മത്സരമായിരുന്ന അന്ന് രണ്ടു ദിവസം മാത്രമേ കളി നടന്നുള്ളൂ. 2011ൽ നാഗ്പുരിൽ നടന്ന മത്സരത്തിൽ വിദർഭ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും മത്സരം സമനിലയായി. 2002ലും 2007ലുമാണു കേരളം ഇവിടെ വിജയക്കൊടി പാറിച്ചത്.
ഈ സീസണിൽ ആറു തവണ ഇതേ ഗ്രൗണ്ടിലാണ് വിദർഭ കളിച്ചത്. ഇതിൽ അഞ്ചിൽ ജയിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിപ്പിക്കാനും വിദർഭയ്ക്കു സാധിച്ചു. ഇതേ ഗ്രൗണ്ടിൽ മുംബൈക്കെതിരെ സെമിയിൽ 80 റണ്‍സിനായിരുന്നു വിദർഭയുടെ ജയം.
തോൽവിയറിയാത്ത ടീമുകൾ
വിദർഭയും കേരളവും തോൽവിയറിയാതെയാണ് ഫൈനൽ പോരാട്ടത്തിനൊരുങ്ങുന്നത്. കേരളം ആദ്യമായിട്ടാണു ഫൈനലിലെത്തുന്നതെങ്കിൽ വിദർഭയുടേത് നാലാമത്തെയും തുടർച്ചയായ രണ്ടാമത്തെയും ഫൈനൽ.
ഈ സീസണിൽ അഞ്ചു ഗ്രൂപ്പുകളിൽ ഏറ്റവുമധികം പോയിന്റ് നേടിയ (40) ടീമാണ് വിദർഭ. ഗ്രൂപ്പ് ബിയിൽ ഏഴു കളിയിൽ ആറു ജയവും ഒരു സമനിലയുമായി ആധികാരികമായി ക്വാർട്ടറിലെത്തിയ വിദർഭ 198 റണ്‍സിനു തമിഴ്നാടിനെ തറപറ്റിച്ച് സെമിയിലെത്തി. സെമിയിൽ കഴിഞ്ഞ സീസണിൽ ജേതാക്കളായ മുംബൈയെ 80 റണ്‍സിനു കീഴടക്കി ഫൈനലിലെത്തി.
ഹരിയാന, ബംഗാൾ, കർണാടക തുടങ്ങി ശക്തരുള്ള ഗ്രൂപ്പ് സിയിൽ കേരളം മൂന്നു ജയവും നാലു സമനിലയുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണുക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ഗ്രൂപ്പ് എയിൽനിന്ന് തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായി എത്തിയ ജമ്മുകാഷ്മീരായിരുന്നു എതിരാളികൾ. ആ മത്സരത്തിൽ ജമ്മുവിനെ വൻ സ്കോർ നേടുന്നതിൽനിന്നു തടയാൻ ബൗളർമാർക്കായി.
ജമ്മുവിന് ഒന്നാം ഇന്നിംഗ്സ് സ്കോർ 280. തുടർച്ചയായ വിക്കറ്റുകൾ നഷ്ടപ്പെടുത്തി നിർണായകമായ ഒന്നാം ഇന്നിംഗ്സ് കൈവിടുമെന്നു തോന്നിയ ഘട്ടത്തിൽ സൽമാൻ നിസാർ ചെറുത്തുനിന്നു. വാലറ്റത്തെ എം.ഡി. നിധീഷുമായി ചേർന്ന് 54 റണ്‍സും പിന്നീട് അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ബേസിൽ തന്പിക്കൊപ്പം 81 റണ്‍സിന്റെ കൂട്ടുകെട്ടും കേരളത്തിനെ ഒരു റണ്‍ ലീഡിലെത്തിച്ചു. രണ്ടാം ഇന്നിംഗ്സിൽ ജമ്മുകാഷ്മീർ കേരളത്തിനു മുന്നിൽ വൻ സ്കോർ ലക്ഷ്യം വച്ചു. ബാറ്റർമാർ തകരാതെ പിടിച്ചുനിന്നതോടെ കേരളം സമനിലയുമായി സെമിയിൽ.
അഹമ്മദാബാദിലെ സെമിയിൽ ഗുജറാത്തിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നാം ഇന്നിംഗ്സിലെ രണ്ടു റണ്‍സ് ലീഡിന്റെ ബലത്തിൽ ചരിത്രത്തിലാദ്യമായി ഫൈനൽ ബർത്ത് നേടിയാണു നാഗ്പുരിലേക്കു കേരളത്തിന്റെ വരവ്.
സെമിയിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസ്ഹറുദിന്റെ സെഞ്ചുറി (177*) കരുത്തിൽ രണ്ടു ദിവസംകൊണ്ട് 457 റണ്‍സ് അടിച്ചുകൂട്ടി. ഇതേ നാണയത്തിൽ ഗുജറാത്ത് മറുപടി നൽകിയതോടെ കേരളം ലീഡ് കൈവിടുമെന്നു തോന്നി. എന്നാൽ ജലജ് സക്സേന, ആദിത്യ സർവാതെ എന്നീ സ്പിന്നർമാർ കേരളത്തെ രക്ഷിച്ചു. രണ്ടു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ കേരളം ആദ്യമായി ഫൈനലിൽ.
കരുത്തർ വിദർഭതന്നെ
രഞ്ജിയിൽ ഈ സീസണിലെ ഏറ്റവും കരുത്തരായ ടീമാണ് വിദർഭ. പരാജയമറിയാതെ, ആധികാരിക ജയങ്ങളുമായി കുതിപ്പ് നടത്തിയ ടീം. യഷ് റാത്തോഡ്, അക്ഷയ് വാദ്കർ, കരുണ്‍ നായർ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് വിദർഭയുടെ കുതിപ്പ്.
ഒരാളിൽ മാത്രം ആശ്രയിക്കാതെ ക്യാപ്റ്റൻ സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദിൻ, ജലജ് സക്സേന തുടങ്ങി നിരവധി പേരിലാണ് കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷകൾ. ജലജ് സക്സേന, ആദിത്യ സർവതെ, എം.ഡി. നിതീഷ് തുടങ്ങിയവർ ബൗളിംഗിലും തുടരുന്ന മികവു കേരളത്തിനു കരുത്താണ്.
കടംവീട്ടാനുണ്ട്
ഫൈനലിൽ ജയിക്കാനായാൽ കേരളത്തിന് അതൊരു വലിയൊരു പകരംവീട്ടലാകും. 2018-19ൽ സീസണിൽ ജനുവരിയിൽ വയനാട്ടിൽ നടന്ന സെമിഫൈനലിൽ കേരളത്തെ ഇന്നിംഗ്സിനും 11 റണ്‍സിനും തോൽപ്പിച്ചു. രണ്ടു ദിവസംകൊണ്ടാണ് അന്ന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വച്ച് വിദർഭ കേരളത്തെ നാണംകെടുത്തിയത്. അവരുടെ ഗ്രൗണ്ടിൽ കപ്പുയർത്തി ആ നാണക്കേടിനുള്ള മറുപടി നല്‍കാനുള്ള അവസരമാണു ലഭിച്ചിരിക്കുന്നത്.
2018- 2019ൽ ഇതേ ഗ്രൗണ്ടിലാണ് വിദർഭ കപ്പുയർത്തിയത്.