ഐസിസി ചാന്പ്യൻസ് ട്രോഫിക്ക് ഇന്നു തുടക്കം
Wednesday, February 19, 2025 3:14 AM IST
കറാച്ചി: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഒന്‍പതാം സീസണിന് ഇന്ന് കറാച്ചിയിൽ തുടക്കം. നിലവിലെ ചാന്പ്യൻമാരായ പാക്കിസ്ഥാൻ ഗ്രൂപ്പ് എയിൽ സ്വന്തം ആരാധകർക്കു മുന്നിൽ മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡിനെ നേരിടും.
വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് റിസ്വാനാണ് പാക് ക്യാപ്റ്റൻ. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് മത്സരം. എട്ട് ടീമടങ്ങുന്ന വന്പൻമാരുടെ പോരാട്ടത്തിന്റെ ഫൈനൽ മാർച്ച് 25നാണ്. 1996 ലോകകപ്പിനുശേഷം പാക്കിസ്ഥാൻ ആദ്യമായാണ് ഐസിസി ടൂർണമെന്റിന് വേദിയാകുന്നത്.
മികച്ച് ടോട്ടൽ
ബാറ്റിംഗിനനുകൂലമായ കറാച്ചി സ്റ്റേഡിയത്തിൽ റണ്ണൊഴുക്കു പ്രതീക്ഷിച്ചാണ് ആരാധകർ എത്തുന്നത്. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പിന്നീട് മത്സരത്തിന്റെ ഗതി ബാറ്റർമാർ നിർണയിക്കും. സ്പിന്നർമാർക്കും മികവ് കാട്ടാൻ സാധിക്കും. ആകെ 78 മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 36 പ്രാവശ്യം ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചു. 39 പ്രാവശ്യം രണ്ടാമത് ബാറ്റ് ചെയ്ത ടീമും. 2008ൽ ഹോങ്കോംഗിനെതിരേ ഇന്ത്യ നേടിയ 374/4 ആണ് ഉയർന്ന സ്കോർ.
ബലാബലം...
ചാന്പ്യൻസ് ലീഗിനു മുന്നോടിയായി നടന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയുടെ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് കീവികൾ ഇറങ്ങുന്നത്. പരന്പരയിൽ രണ്ട് പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും ജയം കീവികൾക്കൊപ്പമായിരുന്നു. അവസാന അഞ്ച് പ്രാവശ്യം നേർക്കുനേർ പേരാട്ടത്തിൽ നാല് ജയവും കീവികൾ സ്വന്തമാക്കി. ട്രൈ സീരീസിൽ പാക്കിസ്ഥാനെതിരേ 74 പന്തിൽ 106 റണ്‍സ് അടിച്ചെടുത്ത ഗ്ലെൻ ഫിലിപ്സിലാണ് കീവികളുടെ പ്രതീക്ഷ. ഒപ്പം മധ്യനിരയും ഫോമിലാണ്.
എന്നാൽ സ്വന്തം രാജ്യത്ത് ആരാധകർക്കു മുന്നിൽ കരുത്ത് കാട്ടാനുറച്ചാണ് പാക്കിസ്ഥാനിറങ്ങുന്നത്. ന്യൂസിലൻഡിന്റെ ശക്തമായ ബൗളിംഗ് നിരയെ പാക് ബാറ്റർമാർ എങ്ങനെ നേരിടുമെന്നതും നിർണായകമാണ്. ഇതേ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 354 റണ്‍സ് ചെയ്സ് ചെയ്ത് ജയിച്ച പാക്കിസ്ഥാൻ പ്രവചനാതാതീമാണ്. ഷഹിൻ അഫ്രീദി നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്.
പരിക്കിന്റെ പിടിയിലായ രചിൻ രവീന്ദ്ര അവസാന ഇലവനിൽ ഇടംപിടിച്ചില്ലെങ്കിൽ ന്യൂസിലൻഡിനായി കോണ്‍വെയ്ക്കൊപ്പം വിൽ യംഗ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയിൽ കെയ്ൻ വില്ല്യംസണ്, ഡാരൽ മിച്ചൽ, ടോം ലാഥം എന്നിവർ കരുത്താകും. കഴിഞ്ഞ പരന്പരയിൽ വില്ല്യംസണ് ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും സഹിതം 225 റണ്‍സ് നേടി ഫോമിലായിരുന്നു.
ഫെർഗൂസണ് ഔട്ട്, ജാമീസണ് ഇൻ...
ചാന്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ടീമുകളെ പരിക്ക് വിടാതെ പിന്തുടരുന്നു. ഏറ്റവും ഒടുവിലായി ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസണും പരിക്കേറ്റ് പുറത്ത്. കാൽപാദത്തിന് പരിക്കേറ്റ ഫെർഗൂസണിന് പകരം കെയ്ൽ ജാമീസണിനെ കീവികൾ ടീമിൽ ഉൾപ്പെടുത്തി. കറാച്ചിയിൽ ഞായറാഴ്ച അഫ്ഗാനിസ്ഥാനെതിരേ നടന്ന പരിശീലന മത്സരത്തിലാണ് ഫെർഗൂസണിന് പരിക്കേറ്റത്.