മോഹങ്ങള്‍ മരവിച്ചു... രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തളർത്തി ഗുജറാത്തിന്റെ മുന്നേറ്റം
Thursday, February 20, 2025 2:41 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ കേരളത്തിന്റെ മോഹങ്ങള്‍ക്കുമേല്‍ കരിനിഴലായി ഗുജറാത്തിന്റെ പോരാട്ടം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457ന് എതിരേ ക്രീസിലെത്തിയ ഗുജറാത്ത്, മൂന്നാംദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
ഒമ്പതു വിക്കറ്റ് കൈയിലിരിക്കേ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് 236 റണ്‍സ് അകലം മാത്രമാണ് ആതിഥേയരായ ഗുജറാത്തിന് ഉള്ളത്. ഇന്നും നാളെയും ശേഷിക്കേ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം ഫൈനലിലേക്കു മുന്നേറും. നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനുള്ള പോരാട്ടമാണ് ഇന്നു നടക്കുക.
കീഴടങ്ങാതെ അസ്ഹറുദ്ദീന്
മൂന്നാംദിനംവരെ നീണ്ട കേരള ഒന്നാം ഇന്നിംഗ്സില്‍ നെടുംതൂണായത് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. 341 പന്ത് നേരിട്ട അസ്ഹറുദ്ദീന് 177 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം മൂന്നാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 149 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും 10 റണ്‍സുമായി ആദിത്യ സര്വതെയുമായിരുന്നു ക്രീസില്‍. രണ്ടാംദിവസത്തെ സ്കോറിനോട് 39 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ മാത്രമേ കേരളത്തിനു സാധിച്ചുള്ളൂ.
വാലറ്റക്കാരായ സര്‍വതെ 11 റണ്‍സുമായും എം.ഡി. നിധീഷ് (5), എന്‍. ബേസില്‍ (1) എന്നിവര്‍ രണ്ടക്കം കാണാതെയും പുറത്ത്. അതോടെ, രഞ്ജി ട്രോഫി സെമിയില്‍ ഒരു മലയാളി താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച അസ്ഹറുദ്ദീന് അപരാജിതനായി ഗാലറിയിലേക്കു മടങ്ങി.
പ്രിയങ്ക് പഞ്ച്
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 457ല്‍ അവസാനിപ്പിച്ച് ക്രീസിലെത്തിയ ഗുജറാത്ത് റണ്‍സ് നേടുന്നതില്‍ പിശുക്കു കാണിച്ചില്ല. റണ്‍ റേറ്റ് മൂന്നില്‍ താഴാതെ ഗുജറാത്ത് നിലനിര്‍ത്തി. പ്രിയങ്ക് പഞ്ചാലും ആര്യ ദേശായിയും ചേര്‍ന്നുള്ള ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 131 റണ്‍സ് നേടി. പ്രിയങ്ക് പഞ്ചാല്‍ നേരിട്ട 155-ാം പന്തില്‍ സെഞ്ചുറി തികച്ചു. മൂന്നാംദിനം അവസാനിച്ചപ്പോള്‍ 200 പന്തില്‍ 117 റണ്‍സുമായി പ്രിയങ്ക് ക്രീസില്‍ തുടരുന്നു. ആര്യ ദേശായിയുടെ (118 പന്തില്‍ 73) വിക്കറ്റാണ് ഗുജറാത്തിനു നഷ്ടപ്പെട്ടത്. ബേസിലിനായിരുന്നു വിക്കറ്റ്. പ്രിയങ്ക് പഞ്ചാലിന് ഒപ്പം മനന്‍ ഹിംഗ്രാജിയയാണ് (108 പന്തില്‍ 30 നോട്ടൗട്ട്) ക്രീസില്‍.