അപരാജിതന്‍ അസ്ഹറുദ്ദീൻ
ഷൈബിന് ജോസഫ്
Thursday, February 20, 2025 2:41 AM IST
കാസര്‍ഗോഡ്: മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായ ജ്യേഷ്ഠന് കമറുദ്ദീനാണു തന്റെ അനുജന്റെ അജ്മല്‍ എന്ന പേര് മുഹമ്മദ് അസ്ഹറുദ്ദീന് എന്നാക്കി മാറ്റുന്നത്. ജഴ്സിയില്‍ അസ്ഹര്‍ (ജൂണിയര്‍) എന്നാണു പേരെങ്കിലും കേരളത്തിന്റെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇഷ്ടതാരം ആഡം ഗില്‍ക്രിസ്റ്റ് ആണ്.
ഗില്‍ക്രിസ്റ്റിനെ പോലെ ഓപ്പണര്‍ ആയെത്തി ആദ്യ പന്തുമുതല്‍ ആക്രമിച്ചുകളിക്കുന്നതാണ് അസ്ഹറുദ്ദീന്റെയും ശീലം. 2021ലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരേ അവരുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ 11 സിക്സറും ഒമ്പതു ഫോറുമടക്കം 54 പന്തില്‍ 137 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച അസ്ഹറുദ്ദീന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ ആരും മറക്കാനിടയില്ല.
എന്നാല്‍, ക്രീസില്‍ പ്രതിരോധക്കോട്ട തീര്‍ക്കുന്ന പുതിയ അസ്ഹറുദ്ദീനെയാണ് ഈ രഞ്ജി സീസണില്‍ കണ്ടത്. പതിവില്‍നിന്നും വിപരീതമായി ആറാമതും ഏഴാമതും ഒക്കെയായി ഇറങ്ങി ക്രീസില്‍ നങ്കൂരമിട്ട അസ്ഹര്‍ എതിരാളികളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 38 (പഞ്ചാബ്), 84 (ബംഗാള്‍), 40 (ഉത്തര്‍പ്രദേശ്), 53 (ഹരിയാന), 68 (മധ്യപ്രദേശ്), 67 (ജമ്മു കാഷ്മീര്‍) എന്നിങ്ങനെ അസ്ഹര്‍ പടുത്തുയര്‍ത്തിയ മികച്ച ടോട്ടലുകള്‍ കേരളത്തിന്റെ കുതിപ്പില്‍ നിര്‍ണായകമായി.
ഗുജറാത്തിനെതിരേ 341 പന്തുകള്‍ നേരിട്ട് 20 ഫോറും ഒരു സിക്സറും അടക്കം 51.91 സ്ട്രൈക്ക് റേറ്റോടെ 177 റണ്‍സ് നേടിയ അസ്ഹറുദ്ദീന് ക്ഷമയുടെ പര്യായമായി മാറി. ഇന്ത്യന്‍ താരം രവി ബിഷ്ണോയ് അടക്കമുള്ള ബൗളര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഈ മുപ്പതുകാരന്റെ പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല. കരിയറിലെ അസ്ഹറിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. 2019ല്‍ മൊഹാലിയില്‍ പഞ്ചാബിനെതിരേയാണ് അസ്ഹര്‍ തന്റെ കന്നി സെഞ്ചുറി കുറിച്ചത്. 168 പന്തില്‍ നിന്ന് 12 ഫോറും രണ്ടു സിക്സറും അടക്കം 112 റണ്‍സാണ് അസ്ഹര്‍ അന്നു നേടിയത്.
കാസര്‍ഗോഡ് തളങ്കര കടവത്തെ പരേതരായ ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും എട്ട് ആണ്മക്കളില് ഏറ്റവും ഇളയവനാണ്. പത്താം വയസ് മുതല്‍ തളങ്കര താസ് ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയതാണ് അസ്ഹറുദ്ദീന്. 11-ാം വയസില്‍ അണ്ടര്‍-13 ജില്ലാ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്യാപ്റ്റനായി. അണ്ടര്‍-15 ടീമിനെയും നയിച്ചു. 2013ല്‍ അണ്ടര്‍-19 കേരള ടീമില്‍ ഇടംനേടി. രണ്ടുവർഷത്തിനുശേഷം അണ്ടര്‍-23 ടീമിലും സീനിയര്‍ ടീമിലും ഇടം നേടി. 2015 നവംബര്‍ 14നു ഗോവയ്ക്കെതിരേ രഞ്ജി അരങ്ങേറ്റം കുറിച്ച അസ്ഹറുദ്ദീന് ടീമിലെ സ്ഥിരാംഗമായി മാറി.