രൂപ ഉയർന്നു
Friday, April 25, 2025 1:17 AM IST
മുംബൈ: യുഎസ് ഡോളറിനെതിരേ തുടർച്ചയായ രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ 0.2 ശതമാനം ഉയർന്നു.
കയറ്റുമതിക്കാരുടെ ഡോളർ വിൽപ്പനയും ഉൗഹക്കച്ചവടക്കാർ രൂപയെ അംഗീകൃത സപ്പോർട്ട് ലെവലിനു താഴെയാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ ഉയർത്തിയത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഡോളർ സൂചികയിൽ നേരിയ ഇടിവ് അനുഭവപ്പെട്ടതും രൂപയുടെ മൂല്യം വീണ്ടും ഉയർത്തി.
ഇന്നലെ രൂപയുടെ മൂല്യം 85.26ലെത്തി. ബുധനാഴ്ച 85.42ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ ഡോളറിനെതിരേ 17 പൈസ ഇടിഞ്ഞ് 85.59 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ രൂപ 85.25 എന്ന ഉയർന്ന നിലയിലും 85.6625 എന്ന ഏറ്റവും താഴ്ന്ന നിലയിലുമെത്തി.
യുഎസ് ഡോളറിന്റെ മൂല്യം ദുർബലമായതും യുഎസിൽ ബിസിനസ് പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ഒറ്റരാത്രികൊണ്ട് ഇടിവുണ്ടായതുമാണ് രൂപയെ ശക്തിപ്പെടുത്തിയതെന്ന് വിപണി വിദഗ്ധർ പറഞ്ഞു. യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള വരുമാനവും കുറഞ്ഞു. 10 വർഷത്തെ വരുമാനം മൂന്നു ബേസിസ് പോയിന്റ് കുറഞ്ഞ് 4.35 ശതമാനമായി.
ഫെഡറൽ റിസർവ് മേധാവിയെ പുറത്താക്കുമെന്ന ഭീഷണിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറുകയും ചൈനയോടുള്ള നിലപാട് മയപ്പെടുത്തുകയും ചെയ്തത് ഡോളർ സൂചികയുടെ ഇടിവിനിടയാക്കി. ബുധനാഴ്ച ഡോളർ സൂചിക മികച്ച നേട്ടത്തിലെത്തിയിരുന്നു.
ആറു പ്രധാന കറൻസികൾക്കെതിരേ ഡോളറിന്റെ പ്രകടനം വിലയിരുത്തുന്ന ഡോളർ സൂചിക 0.51 ശതമാനം ഇടിഞ്ഞ് 99.33ലെത്തി.
ബെയ്ജിംഗുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ചൈനയ്ക്കെതിരേ വൈറ്റ് ഹൗസ് ചില തീരുവകൾ പകുതിയിലധികം കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും, പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി ചുങ്കങ്ങൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇതോടെ ചൈനയ്ക്കുമേലുള്ള തീരുവ കുറയ്ക്കാനുള്ള സാധ്യതകൾക്കു മങ്ങലേറ്റു.
ഓഹരിവിപണികൾക്ക് നഷ്ടം
ആഭ്യന്തര ഓഹരിവിപണികളിൽ ബിഎസ്ഇ സെൻസെക്സ് 256.90 പോയിന്റ് (0.32%) നഷ്ടത്തിൽ 79,859.59ലും നിഫ്റ്റി 82.25 പോയിന്റ് (0.34%)നഷ്ടത്തിൽ 24,246.70 ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരികൾ വാങ്ങുന്നത് തുടർന്നു. ബുധനാഴ്ച 3,332.94 കോടി രൂപയുടെയുടെ ഓഹരികളാണ് വാങ്ങിയത്. ആറു ദിവസത്തെ വാങ്ങൽ 21,263.67 കോടിയിലെത്തി.