ലോക സന്പന്നർ; അംബാനി ആദ്യ പത്തിൽ ഇല്ല
Friday, March 28, 2025 3:16 AM IST
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏഷ്യയിലെ അതി സന്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
കടബാധ്യത വർധിച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആസ്തി കുറഞ്ഞതിനെ തുടർന്ന് അംബാനി ലോക സന്പന്നരിൽ ആദ്യ പത്തിൽനിന്ന് പുറത്തായി. മുകേഷ് അംബാനിയുടെ സന്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം ഇടിഞ്ഞ് 8.6 ലക്ഷം കോടി രൂപയിലെത്തി.
ഇളക്കം തട്ടാതെ ഇലോൺ മസ്ക്
ലോക സന്പന്നരിൽ ഒന്നാം സ്ഥാനം ടെസ്ല സിഇഒ ഇലോണ്‍ മസ്ക് നിലനിർത്തി. മസ്കിന്റെ സന്പത്ത് 82 ശതമാനം അതായത് 189 ബില്യണ്‍ ഡോളർ ഉയർന്ന് ആകെ 420 ബില്യണ്‍ ഡോളറിലെത്തി. ആമസോൺ എക്സിക്യൂട്ടിവ് ചെയർമാൻ ജെഫ് ബെസോസ് രണ്ടാമതെത്തി. ബെസോസിന്റെ സന്പത്തിൽ 44 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായത്. മെറ്റ സിഇ മാർക് സുക്കർബർഗ്, ലാറി എല്ലിസൺ, വാറൻ ബഫറ്റ് എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
ചരിത്രം കുറിച്ച് റോഷ്നി നാടാർ

3.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎല്ലിന്റെ സ്ഥാപകൻ ശിവ് നാടാരുടെ ഏക പുത്രി റോഷ്നി നാടാർ ലോകത്തിലെ ഏറ്റവും ധനികയായ അഞ്ചാമത്തെ വനിതയായി. ആഗോളതലത്തിൽ 10 സന്പന്ന വനിതകളുടെ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് റോഷ്നി നാടാർ. പിതാവ് ശിവ് നാടാർ എച്ച്സിഎല്ലിലെ 47% ഓഹരികൾ അവർക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ സന്പത്ത് ഉയർന്നത്. ഇന്ത്യൻ സന്പന്നരുടെ പട്ടികയിൽ റോഷ്നി നാടാർ മൂന്നാം സ്ഥാനത്തേക്കുയർന്നു.
സന്പത്ത് ഉയർത്തി അദാനി
സന്പത്തിലേക്ക് 13 ശതമാനം ഏകദേശം, ഒരു ലക്ഷം കോടി കൂട്ടിച്ചേർത്തുകൊണ്ട് ഗൗതം അദാനി 8.4 ലക്ഷം കോടിയുമായി ഇന്ത്യയിൽ അംബാനിക്കു പിന്നിൽ രണ്ടാമതുണ്ട്.
സണ്‍ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്റെ ദിലീപ് സാങ്വിയുടെ സന്പത്ത് 21 ശതമാനം വർധിച്ച് 2.5 ലക്ഷം കോടിയിലെത്തി. ഇതോടെ സാങ്വി നാലാമതെത്തി.
ഇന്ത്യയിൽ 13 പേർ കൂടി
2025 ഹുറുണ്‍ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ലോക ബില്യണർമാരുടെ പട്ടികയിൽ ഇന്ത്യ 284 പേരുമായി മൂന്നാം സ്ഥാനത്തെത്തി. പത്ത് വർഷത്തിനിടെ ആദ്യമായി 870 ബില്യണയറുമാരുമായി യുഎസ്എ ഒന്നാം സ്ഥാനത്തെത്തി. 823 ബില്യണർമാരുള്ള ചൈനയാണ് രണ്ടാമത്. ഇന്ത്യയിൽനിന്ന് പുതിയതായി 13 പേരാണ് ബില്യണർമാരായാത്. 284 പേരിൽ 175 പേരുടെ സന്പത്ത് ഉയർന്നു. 109 പേരുടെ സന്പത്ത് ചുരുങ്ങുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു.
യുവ ശതകോടീശ്വരൻമാർ

ഇന്ത്യയിലുള്ള 284 ശതകോടീശ്വരന്മാരിൽ രണ്ടുപേര്‍ക്ക് 34 വയസ് മാത്രമാണ് പ്രായം. റേസര്‍പേ സഹസ്ഥാപകരായ ശശാങ്ക് കുമാറും ഹര്‍ഷില്‍ മാഥുറുമാണ് ഇവര്‍. ഇവരുടെ ആസ്തി 8,643 കോടി രൂപയാണ്. റൂര്‍ക്കി ഐഐടിയില്‍ സഹപാഠികളായിരുന്ന ഇവര്‍ 2014ലാണ് ബംഗളുരുവില്‍ റേസര്‍പേ എന്ന കമ്പനി ആരംഭിച്ചത്. ഇതിന് മുന്‍പ് ശശാങ്ക് കുമാര്‍ മൈക്രോസോഫ്റ്റി്ലെ സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്് എന്‍ജിനിയറായിരുന്നു.
സ്ലംബജൈ എന്ന കമ്പനിയില്‍ വയര്‍ലൈന്‍ ഫീല്‍ഡ് എന്‍ജിനിയറായിരുന്നു മാഥുര്‍. ഇവരുടെ ആസ്തി തന്നെയുള്ള ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍ വാംഗ് സെലോംഗിന്റെ പ്രായം 29 വയസാണ്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം 68 വയസാണ്. 66 എന്ന ആഗോളശരാശരിയെക്കാള്‍ അല്പം മുകളിലാണിത്.
ന്യൂയോർക്ക് ഒന്നാമത്; ഏഷ്യയിൽ ഷാങ്ഹായ്
129 ബില്യണർമാരുടമായി ലോകത്തെ ബില്യണർമാരുടെ തലസ്ഥാനമെന്ന പദവി തുടർച്ചയായ രണ്ടാം വർഷവും ന്യൂയോർക്ക് നിലനിർത്തി. ഏഷ്യയിലെ ബില്യണരുടെ തലസ്ഥാനമെന്ന നിലയിൽ ആദ്യമായി മുംബൈയെ മറികടന്ന് ഷാങ്ഹായിയെത്തി. ഷാങ്ഹായിൽ 92 ബില്യണർമാരുണ്ട്. മുംബൈയിൽ 90 പേരും. മുംബൈയിൽനിന്ന് പുതിയതായി 11 പേരാണെത്തിയത്. 91 പേരുള്ള ബെയ്ജിംഗ് ആണ് മൂന്നാമത്.