പിഎൽഐ പദ്ധതി: ₹ 1.61 കോടി നിക്ഷേപം
Sunday, March 23, 2025 12:23 AM IST
ന്യൂഡൽഹി: പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതികൾ വഴി 1.61 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 14 ലക്ഷം കോടി രൂപയുടെ ഉത്പാദനം, 5.31 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും നടന്നതായി കേന്ദ്രസർക്കാർ. ഈ പദ്ധതിയിലൂടെ 11.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും സർക്കാർ വ്യക്തമാക്കി.
വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 14 പ്രധാന മേഖലകൾക്കായി പിഎൽഐ പദ്ധതികൾ പ്രകാരം 764 അപേക്ഷകൾക്ക് അംഗീകാരം നൽകി. കൂടാതെ മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഫാർമ, ടെലികോം, ഭക്ഷ്യ സംസ്കരണം, വൈറ്റ് ഗുഡ്സ് (ഇലക്ട്രിക് ഗൃഹോപകരണങ്ങൾ), ടെക്സ്റ്റൈൽസ്, ഡ്രോണ്‍സ് തുടങ്ങിയ മേഖലകളിലെ പിഎൽഐ ഗുണഭോക്താക്കളിൽ 176 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ( മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ്) ഉൾപ്പെടുന്നു.
2024 നവംബർ വരെ 1.61 ലക്ഷം കോടിയുടെ (18.72 ബില്യണ്‍ യുഎസ് ഡോളർ) നിക്ഷേപം നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് 2024-25 സാന്പത്തികവർഷത്തിൽ ലക്ഷ്യമിട്ടിരുന്ന 15.52 ലക്ഷം കോടി രൂപയിൽനിന്ന് 14 ലക്ഷം കോടി രൂപയുടെ ഉത്പാദനവും വിൽപ്പനയും സൃഷ്ടിച്ചു. നേരിട്ടും അല്ലാതെയുമായി 11.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
പിഎൽഐ പദ്ധതികൾ ഇന്ത്യയെ പരന്പരാഗതമായുള്ള കയറ്റുമതിയിൽനിന്ന് ഇലക് ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യ സാധനങ്ങൾ തുടങ്ങിയവയിലേക്കു മാറ്റി. ഈ പദ്ധതിയിലൂടെ 5.31 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണു നടന്നത്.
ലാർജ് സ്കെയിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ്, ഐടി ഹാർഡ്വേർ, ബൾക്ക് മരുന്നുകൾ, ആശുപത്രി ഉപകരങ്ങൾ, ഫാർമസ്യൂട്ടികൽസ്, ടെലികോം ആൻഡ് നെറ്റ് വർക്കിംഗ് പ്രൊഡക്ട്സ്, ഭക്ഷ്യ സംസ്കരണം, വൈറ്റ് ഗുഡ്സ്, ഓട്ടോ മൊബൈൽസും ഓട്ടോ ഘടകങ്ങളും ഡ്രോണും ഡ്രോൺ ഘടകങ്ങളും തുടങ്ങിയ പത്തു മേഖകൾക്കായി പിഎൽഐ പദ്ധതികൾ വഴി 14,020 കോടി രൂപ ഇൻസെന്റീവായി നൽകി.
പിഎൽഐ പദ്ധതിയിൽ സ്പെഷാലിറ്റി സ്റ്റീലിനായി കന്പനികൾ 27,106 കോടി രൂപയിൽ 20,000 കോടി രൂപ നിക്ഷേപിച്ചു. 9,000 പേർക്ക് നേരിട്ടു തൊഴിൽ നല്കി. ഇതുവരെ 48 കോടി രൂപയുടെ ഇൻസെന്റീവ് ഈ വ്യവസായത്തിന് അനുവദിച്ചു.
പദ്ധതിയുടെ കാലാവധി പൂർത്തിയായിക്കഴിയുന്പോഴേക്കും 2,000 കോടി രൂപയുടെ ഇൻസെന്റീവ് നൽകണമെന്നാണ് ഉരുക്ക് മന്ത്രാലയം കണക്കുകൂട്ടുന്നത്. കന്പനികളുടെ ബിസിനസ് പ്ലാനുകളിലുണ്ടായ മാറ്റം, പദ്ധതിനിർവഹണത്തിലെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ 58 പ്രോജക്ടുകളിൽ 14 എണ്ണം പിന്മാറി.
സ്പെഷാലിറ്റി സ്റ്റീലിനായുള്ള പിഎൽഐ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 35 കന്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്. 25,200 കോടിയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കന്പനികളെ തെരഞ്ഞെടുത്ത് അവരുമായി ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള പ്രക്രിയയിലാണ് മന്ത്രാലയം. ഈ പദ്ധതിക്ക് 3,600 കോടി രൂപ ഇൻസെന്റീവ് നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഭക്ഷ്യസംസ്കരണ വ്യവസായത്തിനുള്ള പിഎൽഐ പദ്ധതി പ്രകാരം ചെറു ധാന്യങ്ങൾക്ക് (മില്ലറ്റുകൾ) നവംബർ 30ഉം മറ്റ് വിഭാഗങ്ങൾക്ക് ഡിസംബർ 31മാണ് ക്ലെയിമുകൾ ഫയൽ ചെയ്യാനുള്ള അവസാന തീയതി. 2022-23 സാന്പത്തികവർഷത്തിൽ 474 കോടി രൂപയുടെ ഇൻസെന്റീവ് വിതരണം ചെയ്തു.
2023-24 സാന്പത്തികവർഷത്തിൽ 700 കോടി രൂപയുടെ വിതരണലക്ഷ്യമാണ് കൈവരിക്കേണ്ടത്. ഭക്ഷ്യ സംസ്കരണവ്യവസായത്തിനുള്ള പിഎൽഐ പദ്ധതിയിൽ നിലവിൽ എല്ലാ വിഭാഗങ്ങളിലുമായി 171 ഗുണഭോക്താക്കളുണ്ട്. ഇതിൽനിന്ന് ആറു അപേക്ഷകർ മാത്രമാണ് പിന്മാറിയത്.