ബുക്ക് മൈ ഷോയുടെ സെർവറും തകർത്തു
Friday, March 21, 2025 10:47 PM IST
കോട്ടയം: ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രം എന്ന റിക്കാർഡ് സ്വന്തമാക്കി മോഹൻലാൽ-പൃഥിരാജ് ചിത്രം എന്പുരാൻ. ഇന്നലെ രാവിലെ ഒന്പത് മണിക്ക് ആരംഭിച്ച എന്പുരാന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് അഭൂതപൂർവമായ വരവേൽപാണ് ലഭിച്ചത്.
പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. സിനിമയുടെ ബുക്കിംഗിനായി അക്ഷമരായി കാത്തിരുന്ന ആരാധകരുടെ ഇടിച്ചുകയറ്റം കാരണം ഓണ്ലൈൻ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയുടെ സെർവർ പോലും നിലച്ച അവസ്ഥയുണ്ടായി. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യമണിക്കൂറിൽ വിറ്റഴിഞ്ഞത്.
ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര റിക്കാർഡാണിത്. അല്ലു അർജുന്റെ പുഷ്പ 2, വിജയ്യുടെ ലിയോ എന്നിവയുടെ റിക്കാർഡ് ആണ് എന്പുരാൻ നിമിഷനേരംകൊണ്ട് തകർത്തത്. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എന്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുന്പേ തീർന്നിരുന്നു.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തുവിട്ടതോടെ പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും വർധിച്ചിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് എന്പുരാൻ. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്.
നടൻ പൃഥിരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രം ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുന്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.