ലൈസൻസില്ലാതെ ചുറ്റിയടിക്കാം
Sunday, March 23, 2025 12:23 AM IST
ഓട്ടോസ്പോട്ട്/ അരുൺ ടോം
ഹരിയാന ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സീലിയോ ഇലക്ട്രിക് മൊബിലിറ്റി 10-18 വയസ് പ്രായമുള്ള യുവ റൈഡർമാർക്കായി ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ മോഡലായ ‘ലിറ്റിൽ ഗ്രേസി’ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
ഈ സ്കൂട്ടറിന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) രജിസ്ട്രേഷൻ ആവശ്യമില്ല. വ്യത്യസ്തമായ രൂപകല്പനകളിലുള്ള സ്കൂട്ടറിന്റെ പ്രാരംഭ വില 49,500 രൂപയിലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലാതെ, എളുപ്പത്തിൽ ഓടിക്കാൻ കഴിയുന്ന ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണിത്. ഹ്രസ്വദൂര നഗരയാത്രകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സ്കൂട്ടറിന് 80 കിലോഗ്രാം ഭാരവും പരമാവധി 75 കിലോമീറ്റർ മൈലേജും മണിക്കൂറിൽ 25 കിലോമീറ്റർ വേഗവുമാണുള്ളത്.
പ്രധാനമായും സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കന്പനി ലിറ്റിൽ ഗ്രേസി പുറത്തിറക്കിയിരിക്കുന്നത്. സ്കൂട്ടറിന്റെ ഭാരം വഹിക്കാനുള്ള ശേഷി 150 കിലോഗ്രാം ആണ്. അതായത്, രണ്ട് കൗമാരക്കാർക്ക് സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയും.
ശക്തിയും പ്രകടനവും: ലിറ്റിൽ ഗ്രേസി മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. സ്കൂട്ടറിന് മൂന്ന് വകഭേദങ്ങളിലും കന്പനി 48/60V BLDC മോട്ടോറാണ് നൽകിയിരിക്കുന്നത്.
മൂന്ന് വേരിയന്റുകളിലായി യഥാക്രമം 48V/32AH ലെഡ് ആസിഡ് ബാറ്ററി, 60V/32AH ലെഡ് ആസിഡ് ബാറ്ററി, 60V/30AH ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകളാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 60 മുതൽ 90 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് തരുവാൻ ഈ ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. 7-9 മണിക്കൂറിനുള്ളിൽ ഫുൾ ചാർജും ചെയ്യാനാകും.
സ്കൂട്ടറിന്റെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 25 പൈസ മാത്രമാണെന്നാണ് കന്പനി അവകാശപ്പെടുന്നത്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതായത്, 15 രൂപ ചെലവിൽ ഈ സ്കൂട്ടർ ഉപയോഗിച്ച് 60 കിലോമീറ്റർ വരെ സഞ്ചരിക്കാം.
സവിശേഷതകൾ: ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കണ്‍സോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, റിവേഴ്സ് മോഡ്, പാർക്കിംഗ് സ്വിച്ച് എന്നിവയാണ് ഫീച്ചറുകൾ. 10 ഇഞ്ച് വീലുകളും ഹൈഡ്രോളിക് സസ്പെൻഷനും ഡ്രം ബ്രേക്കുകളുമുണ്ട്.
പിങ്ക്, ബ്രൗണ്‍-ക്രീം, വെള്ള-നീല, മഞ്ഞ-പച്ച എന്നീ നാല് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിന് ഡ്യുവൽ ടോണ്‍ കൂടാതെ മോണോ ടോണ്‍ കളർ ഓപ്ഷനും നൽകിയിട്ടുണ്ട്.മോട്ടോർ, കണ്ട്രോളർ, ഫ്രെയിം എന്നിവയ്ക്ക് രണ്ട് വർഷത്തെ വാറന്റിയും കന്പനി നൽകുന്നു.