ടെക്നോപാർക്ക് കന്പനിക്ക് ബഹിരാകാശ മേഖലയിൽ നേട്ടം
Wednesday, March 19, 2025 12:56 AM IST
തിരുവനന്തപുരം: രാജ്യത്തെ ബഹിരാകാശ മേഖലയിൽ സുപ്രധാന നേട്ടം കൈവരിച്ചുകൊണ്ട് ടെക്നോപാർക്കിലെ ചെറുകിട ഉപഗ്രഹ നിർമാണ കമ്പനിയായ ഹെക്സ്20 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ ’നിള’ വിജയകരമായി വിക്ഷേപിച്ചു.
നാലു മാസത്തെ പ്രവർത്തനത്തിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ബെർലിൻ ആസ്ഥാനമായ സാറ്റലൈറ്റ് ഡിപ്ലോയർ കമ്പനിയായ എക്സോലോഞ്ച് വഴി ഈ മാസം 15ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.13ന് സ്പേസ് എക്സ് ട്രാൻസ്പോർട്ടർ 13 ദൗത്യത്തിലാണ് വിക്ഷേപിച്ചത്.
ഉച്ചകഴിഞ്ഞ് 1.07 ന് വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെട്ടു. 16ന് ഹെക്സ്20യുടെ സാറ്റലൈറ്റ് കണ്ട്രോൾ സെന്ററിൽ ബീക്കണ്‍ സിഗ്നൽ ലഭിച്ചതോടെയാണ് ദൗത്യം നിർണായക നാഴികക്കല്ല് പിന്നിട്ടത്.
ഹെക്സ്20 യുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപസംവിധാനങ്ങളെയും ജർമൻ ബഹിരാകാശ കമ്പനിയായ ഡിക്യൂബ്ഡ്ൽ നിന്നുള്ള ഇൻഓർബിറ്റ് ഡെമോണ്‍സ്ട്രേഷനുള്ള പേലോഡിനെയും നിള ദൗത്യം സാധ്യമാക്കി. സ്വകാര്യ മേഖലയിലെ ഉപഗ്രഹ സാങ്കേതികവിദ്യയിലെയും നവീകരണത്തിലെയും സുപ്രധാന ചുവടുവയ്പാണിത്.
കേരളത്തിന്റെ സാംസ്കാരിക പ്രാധാന്യമുള്ള നദിയായ നിളയുടെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്. ടെക്നോപാർക്കിലെ ’നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം മേനംകുളത്തെ മരിയൻ എൻജിനിയറിംഗ് കോളജിൽ സ്ഥാപിച്ച ഗ്രൗണ്ട് സ്റ്റേഷനിൽ ഹെക്സ്20 ടീം ഉപഗ്രഹത്തിന്റെ പ്രവർത്തനം നിരീക്ഷിക്കും. ഗ്രൗണ്ട് സ്റ്റേഷൻ സൗകര്യം പ്രവർത്തിപ്പിക്കുന്നതിൽ കോളജിലെ ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.