കുതിപ്പു തുടർന്ന് വിപണികൾ
Tuesday, March 18, 2025 11:28 PM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ തിങ്കളാഴ്ച ലഭിച്ച കുതിപ്പ് ഇന്നലെയും തുടർന്നു. ബിഎസ്ഇ സെൻസെക്സ് 1100 പോയിന്റ് നേട്ടമാണ് കൈവരിച്ചത്. നിഫ്റ്റി 22,800 പോയിന്റിലേക്ക് ഉയർന്നു. ബാങ്ക്, മെറ്റൽ, ഓട്ടോ ഉൾപ്പെടെ എല്ലാ ഓഹരികളും ഇന്നലെ മുന്നേറ്റം നടത്തി.
സെൻസെക്സ് 1131.31 പോയിന്റ് നേട്ടത്തിൽ 75,301.26ലും നിഫ്റ്റി50 സൂചിക 325.5 പോയിന്റിന്റെ നേട്ടത്തിൽ 22,834.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ സൊമാറ്റോ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എൽ ആൻഡ് ടി എന്നിവയുടെ ഓഹരികൾ 2.7 ശതമാനം മുതൽ 7.4 ശതമാനം വരെ നേട്ടമുണ്ടാക്കി.
സർവ മേഖലകളും പോസിറ്റീവായിത്തന്നെ വ്യാപാരം അവസാനിപ്പിച്ചു. സാന്പത്തിക സൂചികകൾ 1.9 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് രണ്ട് ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് 2.3 ശതമാനവും നേട്ടം കൈവരിച്ചു. ഐസിഐസിഐ ബാങ്ക് ഓഹരികൾ 3.4 ശതമാനം ഉയർന്ന് നിഫ്റ്റി 50ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.
ചൈനയുടെ ഉത്തേജക നടപടികളുടെയും യുഎസ് ഡോളറിന്റെ ദുർബലതയുടെയും ഫലത്തിൽ മെറ്റൽ സൂചികകൾ 2.1 ശതമാനത്തിലേക്കാണ് ഉയർന്നത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ കോപ്പർ, അദാനി എന്റർപ്രൈസസ് എന്നിവയുടെ ഓഹരികളെല്ലാം രണ്ടു ശതമാനത്തിലധികം ഉയർന്നു.
ഓട്ടോ സൂചികയും നേട്ടത്തിലെത്തി. നിഫ്റ്റി ഓട്ടോ രണ്ടു ശതമാനത്തിനു മുകളിലെത്തി. നിഫ്റ്റി മിഡ്കാപ് 2.2 ശതമാനവും നിഫ്റ്റി സ്മോൾകാപ് 2.7 ശതമാനവും മുന്നേറ്റം നടത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും മൂലധനം 6.85 ലക്ഷം കോടി വർധിച്ച് 400.02 ലക്ഷം കോടി രൂപയായി.