ടെസ്ലയ്ക്കു യൂറോപ്പിൽ വില്പന കുറയുന്നു
Wednesday, February 26, 2025 10:39 PM IST
പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ യുഎസ് കന്പനി ടെസ്ലയ്ക്ക് വടക്കൻ അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വലിയ വിപണി ഉറപ്പിച്ചിട്ടുണ്ട്. യൂറോപ്പിൽ ടെസ്ല ഒരു ജനപ്രിയ ഇലക്ട്രിക് വാഹന കന്പനിയാണ്. എന്നാൽ, അടുത്ത കാലത്തായി, ടെസ്ലയുടെ കാർ വിൽപ്പനയിൽ വലിയ ഇടിവാണുണ്ടായിരിക്കുന്നത്. നോർവേ, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റീൻ, ഐസ്ലൻഡ്, യുകെ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ വില്പന ഇടിഞ്ഞു.
2024 ജനുവരിയിലെ വിൽപ്പനയെ അപേക്ഷിച്ച് 2025 ജനുവരിയിൽ രജിസ്ട്രേഷൻ 45 ശതമാനം ഇടിഞ്ഞു. യൂറോപ്പിൽ വിശാലമായ വൈദ്യുത വാഹന വിപണി കുതിച്ചുയരുന്ന സമയത്താണ് ഈ ഇടിവ് സംഭവിക്കുന്നത്. ഇവി വിൽപ്പനയിൽ കഴിഞ്ഞ മാസം 37 ശതമാനം വളർച്ചയുണ്ടായി. ജർമനിയിലെയും യുകെയിലെയും കാർ നിർമാതാക്കളുടെ ശക്തമായ പ്രകടനമാണ് വൈദ്യുത വാഹന വിപണിയിൽ വളർച്ചയുണ്ടാക്കിയത്.
യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഈ ജനുവരിയിൽ 9,945 കാറുകളുടെ രജിസ്ട്രേഷനേ നടന്നിട്ടുള്ളൂ. കഴിഞ്ഞ ജനുവരിയിൽ 18,161 കാറുകളുടെ രജിസ്ട്രേഷനാണ് നടത്തിയത്. ജർമനിയിലാണ് ടെസ്ല കൂടുതൽ വെല്ലുവിളി നേരിടുന്നത്. ഇവിടെ 1277 പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രമേ നടത്താനായുള്ളൂ. 2021 ജൂലൈക്കുശേഷമുള്ള കുറഞ്ഞ എണ്ണമാണിത്.
ഫ്രാൻസിൽ വിൽപ്പന 63 ശതമാനം ഇടിഞ്ഞു. 2022 ഓഗസ്റ്റിനു ശേഷമുള്ള ടെസ്ലയുടെ ഏറ്റവും മോശം പ്രകടനമാണിത്.
അതേസമയം, യുകെയിൽ, ഇവി വിൽപ്പന 42 ശതമാനം വർധിച്ചു. എന്നാൽ ടെസ്ലയുടെ വിൽപ്പന ഏകദേശം എട്ടു ശതമാനം ഇടിഞ്ഞു. യുകെ രജിസ്ട്രേഷനിൽ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി ആദ്യമായി ടെസ്ലയെ പിന്നിലാക്കി.
യൂറോപ്പിൽ ഇവി മത്സരം ചൂടുപിടിക്കുന്നു
ഫോക്സ്വാഗണ്, സ്റ്റെല്ലാന്റിസ്, റെനോ തുടങ്ങിയ പരന്പരാഗ വാഹന നിർമാതാക്കളിൽ നിന്നുള്ള ശക്തമായ മത്സരം നേരിടേണ്ടി വരുന്ന സമയത്താണ് യൂറോപ്പിൽ ടെസ്ലയുടെ പ്രകടനത്തിൽ മങ്ങലേറ്റത്. യൂറോപ്പിൽ കാർബണ്‍ പുറംതള്ളലുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാകുന്നതോടെ യൂറോപ്പിലെ കാർ നിർമാതാക്കൾ ഇവി നിർമാണത്തിലേക്കു കടക്കേണ്ട അവസ്ഥയാണ്.
വായു മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷം യൂറോപ്യൻ കാർ നിർമ്മാതാക്കൾക്ക് യൂറോപ്യൻ യൂണിയൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ്. യുകെയിൽ ക്രമാനുഗതമായി സീറോ-എമിഷൻ എന്ന കാര്യം നിർബന്ധമാക്കും. ഇതേത്തുടർന്ന് യൂറോപ്പിലെ പരന്പരാഗത വാഹന നിർമാതാക്കൾ വൈദ്യുത വാഹന നിർമാണത്തിലേക്കു കടന്നിരിക്കുകയാണ്. ഇത് ടെസ്ലയുടെ മത്സരവേദി വിപുലീകരിച്ചിരിക്കുകയാണ്.
മസ്കിന്റെ രാഷ്ട്രീയ വിവാദങ്ങൾ
ഉൽപ്പാദന വെല്ലുവിളികൾക്കപ്പുറം, ടെസ്ലയുടെ സമീപകാല വിൽപ്പന മാന്ദ്യം അതിന്റെ സിഇഒ ഇലോണ്‍ മസ്കിന്റെ വിവാദപരമായ രാഷ്ട്രീയ ഇടപെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന മസ്ക് തന്റെ രാഷ്ട്രീയ പ്രവർത്തനം യൂറോപ്പിലേക്കും വ്യാപിപ്പിച്ചു. തീവ്ര വലതുപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നതിനൊപ്പം യുകെയിലും ജർമനിയിലും നിലവിലുള്ള ഭരണാധികാരികളെ പരസ്യമായി വിമർശിക്കുകയും ചെയ്തു.
മസ്കിന്റെ കുപ്രസിദ്ധമായ നാസി സല്യൂട്ടും ജർമനിയിൽ കുടിയേറ്റ വിരുദ്ധ നിലപാടുള്ള എഎഫ്ഡി പാർട്ടിക്കു നൽകുന്ന പിന്തുണയും വിവാദമായി. യുകെയിൽ ജയിലിൽ കിടക്കുന്ന തീവ്ര വലതുപക്ഷ പ്രവർത്തകരുടെ മോചനത്തിനായി വാദിക്കുകയും ചെയ്തു. കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ജയിലിടയ്ക്കണമെന്ന ആഹ്വാനം അദ്ദേഹത്തിന്റെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയ ചില സംഭവങ്ങളാണ്.
വിപണി മൂല്യം ഇടിഞ്ഞു
ടെസ്ലയുടെ ഓഹരി വില എട്ടു ശതമാനത്തിലേറെ ഇടിഞ്ഞതോടെ കന്പനിയുടെ വിപണി മൂല്യം 2024 നവംബറിനുശേഷം ആദ്യമായി ഒരു ട്രില്യൻ ഡോളറിനു താഴെയായി. ഇതോടെ, കന്പനിയുടെ വിപണി മൂലധനം ഇപ്പോൾ 948 ബില്യണ്‍ ഡോളറാണ്, നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഇന്ത്യൻ വിപണി
യൂറോപ്യൻ വിപണിയിൽ തിരിച്ചടി നേരിടുന്ന മസ്കിന്റെ ലക്ഷ്യം ഇന്ത്യൻ കാർ വിപണിയാണ്. ഇന്ത്യൻ വിപണി പിടിക്കാൻ ടെസ്ല ഇവിടെ നിർമാണശാല സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിലവിൽ കന്പനിയുടെ ജർമനിയിലെ ബർലിൻ പ്ലാന്റിൽനിന്ന് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നു സ്ഥിരീകരിച്ചു.
25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് വാഹനം ടെസ്ല പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അത് അസാധ്യമാണ്. ഇന്ത്യ ടെസ് ലയ്ക്ക് ഇറക്കുമതി തീരുവ കുറച്ചാലും വില ഇതിലും ഉയരും.
നിലവിൽ ടെസ്ലയുടെ മോഡൽ 3 ആണ് താങ്ങാവുന്ന വിലയിലുള്ളത്. യുഎസിൽ ഇതിന് 30,000 ഡോളറിൽ താഴെയാണ് വില. ഈ കാർ ഇന്ത്യയിലിറക്കി ഇറക്കുമതി തീരുവയും ചേർത്തു കഴിഞ്ഞാൽ ചെലവേറിയതാകും. ഇന്ത്യയിൽ സ്വന്തം നിർമാണ പ്ലാന്റ് സ്ഥാപിക്കാതെ, ടെസ്ലയ്ക്കു പ്രവർത്തനങ്ങൾ വർധിപ്പിക്കാനാകില്ല.